
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ താത്കാലികമായി നിര്‍ത്തലാക്കുന്നു. മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്ന സാഹചര്യത്തിലും മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കാന്‍ ആശുപത്രിയില്‍ മറ്റ് കെട്ടിടസൗകര്യങ്ങളില്ലാത്തതിനാലുമാണ് തത്കാലത്തേക്ക് കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്‍റെ പ്രവർത്തനം നിര്‍ത്തിവയ്ക്കുന്നത്.
ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി ചികിത്സ തേടുന്ന സാധാരണക്കാരും നിര്‍ധനരുമായ നൂറുകണക്കിനു രോഗികള്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിക്കുന്നുണ്ട്. ചങ്ങനാശേരി, കുട്ടനാട് മേഖലകളില്‍ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ഈ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
മഴക്കാലം ശക്തിപ്പെട്ടതോടെ സാംക്രമിക രോഗങ്ങള്‍ പകരാനിടയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ ഈ ആശുപത്രിയില്‍ എത്താനിടയുണ്ട്. കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ഒരു ദിവസംപോലും നിര്‍ത്തലാക്കാതെ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താത്കാലിക സംവിധാനം ഒരുക്കി ആശുപത്രിവളപ്പില്‍ത്തന്നെ തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്.