ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ്‌ആപ്പ് സന്ദേശം; നട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റില്‍

Spread the love

തൃശ്ശൂർ: നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പി എ അസർ മജീദ് അറസ്റ്റില്‍.നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ്‌ആപ്പ് സന്ദേശം അയച്ചതിനാണ് അറസ്റ്റ്.

ഗീതാ ഗോപിക്കെതിരെ അസർ മജീദ് പുറത്തിറക്കിയ ചോദ്യാവലിയില്‍ ജാതീയമായ അധിക്ഷേപം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസർ മജീദിന്റെ ഫോണില്‍ നിന്ന് വാട്‌സ്‌ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ചേർപ്പ് സ്റ്റേഷനില്‍ ജി ഡി ചാർജ് അറിയാതെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. അസർ മജീദിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

video
play-sharp-fill

അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലില്‍ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹർ മജീദ് പറയുന്നത്.

“ഗീത ഗോപിയുടെ തോല്‍വി ഭയന്ന് വിറളി പൂണ്ട് എന്തും കാട്ടി കൂട്ടുന്ന തിരക്കിലാണ് നാട്ടിക മണ്ഡലത്തിലെ സിപിഐ നേതാക്കള്‍. സി.സി. മുകുന്ദൻ എംഎല്‍എയെ കുറിച്ച്‌ വ്യക്തിപരമായ വിദ്വേഷ-കള്ള പ്രചരണങ്ങള്‍ നടത്തുന്നത് ജനങ്ങളില്‍ ഏല്‍ക്കുന്നില്ല എന്ന് മനസിലാക്കിയ സിപിഐ നേതാക്കള്‍ മുകുന്ദേട്ടനൊടൊപ്പം നില്‍ക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുന്ന തിരക്കിലാണ്. നാല് വർഷം സി.സി മുകുന്ദൻ എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് ആയി പ്രവർത്തിച്ച വ്യക്തിയാണ് ഞാൻ.

ഈ സമയങ്ങളില്‍ സിപിഐ നേതാക്കളുടെയും, മുൻ പിഎ മസൂദിന്റെയും കള്ളത്തരങ്ങള്‍ തെളിവടക്കം ഒരുപാട് പുറത്ത് കൊണ്ട് വന്നത് ഞാനാണ്. അതിലാണ് വി.എസ്. സുനില്‍ കുമാർ , ടി.ആർ. രമേശ് കുമാർ തുടങ്ങിയ സിപിഐ നേതാക്കള്‍ക്ക് എന്നോട് ദേഷ്യം തുടങ്ങിയതും എനിക്കെതിരെ അവർ പ്രവർത്തിച്ച്‌ തുടങ്ങി പാർട്ടിയില്‍ നിന്നും പുറത്താക്കിയതും.

ഈ വരുന്ന ദിവസങ്ങളില്‍ എനിക്കെതിരെ നിരവധി കള്ള പ്രചരണങ്ങള്‍ നടത്തി കൊണ്ട് തെരഞ്ഞെടുപ്പില്‍ സി.സി. മുകുന്ദനെ ഇകഴ്ത്തി കെട്ടാൻ ശ്രമിക്കുമെന്നതാണ് എല്‍ഡിഎഫ് ക്യാംപില്‍ നിന്നും കിട്ടിയ വിവരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സി. മുകുന്ദന്റെ ജനകീയതയുടെ അടിത്തറ ഇളക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാത്ത നേതാകളുടെ കുബുദ്ധിയാണ് എനിക്കെതിരെ തിരിഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കുക എന്നത്. പാർട്ടിയിലെ തെറ്റുകളെ ചൂണ്ടികാണിച്ച എന്നെ അവർ പുറത്താക്കിയത് എസ്ഡിപിഐ തീവ്രവാദിയെന്നും പറഞ്ഞ് കൊണ്ടാണ്.

എന്റെ മതത്തെ ഉപയോഗിച്ച്‌ ഞാനൊരു മുസ്ലീം തീവ്രവാദിയാണെന്ന് അവർ പ്രചരിപ്പിച്ചു. ഇപ്പോള്‍ അധിക്ഷേപിക്കുന്നത് ആർഎസ്‌എസ് തീവ്രവാദിയെന്നും പറഞ്ഞിട്ടാണ്. യാതൊരു തെളിവുകളും ഇല്ലാതെ വ്യക്തിപരമായി സമൂഹത്തിന് മുമ്പില്‍ എനിക്കെതിരെ അധിക്ഷേപ പരാമർശങ്ങള്‍ നടത്തിയാല്‍ നിയമനടപടികളിലൂടെ മുന്നോട്ട് പോകുമെന്നും അറിയിക്കുന്നു”, അസ്ഹർ മജീദിന്റെ വാക്കുകള്‍.