സമാധാനം ഗാസയിലേക്ക്; ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ

Spread the love

ജറുസലം/ കയ്റോ:ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ കരാർ നിലവിൽവന്നതോടെ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഗാസയിലെ പല പ്രദേശങ്ങളിലായി കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീൻകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

ഗാസയിലെ ഏതാനും സ്ഥലങ്ങളിൽ സാന്നിധ്യം തുടരുമെന്ന് അറിയിച്ച ഇസ്രയേൽ സൈന്യം, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.

ഇന്നലെ വൈകിട്ട് അവസാനിച്ച 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു. മുൻപ് കൊല്ലപ്പെട്ട 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാസയിലേക്ക് ഉടൻ സഹായമെത്തിയില്ലെങ്കിൽ കുട്ടികളുടെ കൂട്ടമരണം സംഭവിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചതിനു പിന്നാലെ പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12നാണ് വെടിനിർത്തൽ നിലവിൽവന്നത്.

24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിന് രാവിലെയാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. അതു മുതൽ 72 മണിക്കൂറിനുള്ളിൽ, ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽകാരെയും തുടർന്ന് ഇസ്രയേൽ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.

വെടിനിർത്തൽ നിരീക്ഷിക്കാൻ അറബ് രാജ്യങ്ങളിൽനിന്നുള്ള 200 സൈനികരെ ഗാസയിൽ നിയോഗിക്കും. ഗാസയിൽ നാളെ മുതൽ സഹായമെത്തിക്കാൻ യുഎന്നിന് ഇസ്രയേൽ അനുമതി നൽകി. 1.7 ടൺ സാധനസാമഗ്രികൾ വിതരണത്തിന് യുഎൻ സജ്ജമാക്കി.