
വൈക്കം : റെയിൽവേ സ്റ്റേഷനുസമീപം വെള്ളൂർ കല്ലുങ്കൽ-കലയത്തുംകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.
100 ഏക്കറിൽ അധികം വരുന്ന കോളകം പാടശേഖരത്തേക്ക് വിത്തും വളവും മറ്റ് കാർഷിക ഉപകരണങ്ങളും എത്തിച്ചിരുന്ന ഏക റോഡാണിത്. പെട്ടെന്ന് ഒരാവശ്യം വന്നാൽ സമീപത്തെ വീട്ടുകാരെ ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്.
പശുവളർത്തൽ, കൃഷി തുടങ്ങിയ ജോലി ചെയ്തു ജീവിക്കുന്നവരാണ് പ്രദേശത്ത് കൂടുതലും ഉള്ളത്. പാടത്തുപോയി പുല്ല് ചെത്തി ഇരുചക്ര വാഹനങ്ങളിലും മറ്റുമായാണ് വീടുകളിൽ എത്തിച്ചിരുന്നത്. ഗേറ്റ് അടഞ്ഞതോടെ തലച്ചുമടായി നടന്നുവേണം പോകാൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തെ പ്രധാന യാത്രാമാർഗം രണ്ട് ആഴ്ചയിലധികമായി അടഞ്ഞു കിടക്കുകയാണ്. അറ്റകുറ്റപ്പണിക്കായാണ് ഗേറ്റ് അടച്ചത്. പണി പൂർത്തിയാക്കി ഗേറ്റ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
50-ൽ അധികം കർഷകരും പ്രദേശവാസികളും സ്ഥിരമായി ഉപയോഗിച്ചിരുന്ന റോഡാണ് റെയിൽവേ അധികൃതർ യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചത്. എട്ടുവർഷം മുൻപ് ഇതുപോലെ അടച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഗേറ്റ് തുറന്നത്.



