
പ്രായഭേദമന്യേ എല്ലാവരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നമ്മുടെ ആഹാരരീതിതന്നെയാണ് ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗ്യാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും.
നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ.
ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഏറെ പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്. കഴിക്കുന്നതിനു മുമ്പ് വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട് ഉണ്ടാവുകയും ചെയ്യും. വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് കഴിക്കുക.
എരിവ്, പുളി, അമിത ചൂട്, കട്ടിയാഹാരങ്ങള്‍, ഇറച്ചി, കൊഴുപ്പടങ്ങിയ ഭക്ഷണം, പാല്‍, പാലുല്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുന്നതു പ്രശ്‌നങ്ങളുടെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കും.
അമിതഗ്യാസുണ്ടാവുന്നതു നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു തന്നെയാണ്. ഭക്ഷണം ശരിയായി ചവച്ചു കഴിക്കാതിരുന്നാലും വായ് തുറന്നുവച്ചു ഭക്ഷണം കഴിച്ചാലും സ്‌ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ പ്രത്യേകിച്ച് ഗ്യാസുള്ള പാനീയങ്ങള്‍ കുടിച്ചാലും ഗ്യാസ്‌ട്രബിള്‍ ഉണ്ടാവും.
കടല, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, ഇറച്ചി, പാലുത്‌പന്നങ്ങള്‍, പുളിയുള്ള പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ എന്നിവ ഗ്യാസ്‌ട്രബിള്‍ കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്.
ഉണര്‍ന്നെണീറ്റാലുടന്‍ 2 ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണ്. കാരണം രാത്രി മുഴുവന്‍ ഭക്ഷണം ദഹിച്ചുകഴിഞ്ഞ് ആമാശയത്തില്‍ ദഹനരസം തങ്ങിനില്‌ക്കുന്നതിനെ നേര്‍പ്പിക്കാന്‍ ഈ വെള്ളം സഹായിക്കുന്നു.
കൂടാതെ വയറു വിശന്നിരിക്കാന്‍ അനുവദിക്കാതെ ഇടയ്‌ക്കിടയ്‌ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നതു നന്നായിരിക്കും. (വൃക്കരോഗികള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് ഡോക്‌ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം).
ഭക്ഷണം കഴിച്ച് ഉടന്‍ കിടക്കരുത്. കുനിഞ്ഞുനിന്നു ജോലി ചെയ്യരുത്. പകരം അര മണിക്കൂര്‍ നടക്കണം. ഉറങ്ങുമ്പോള്‍ തല നന്നായി പൊക്കിവച്ചു കിടക്കണം. ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങുന്നതാണുത്തമം.
യോജിച്ച ഭക്ഷണസാധനങ്ങള്‍: ഓട്‌സ്, നന്നായി പഴുത്ത ഏത്തപ്പഴം, കരിക്ക്, ഈന്തപ്പഴം, മാതളം, തേന്‍, ഇഞ്ചി, വെളുത്തുള്ളി, തക്കാളി (പുളിയുള്ള പഴവര്‍ഗങ്ങളായ പൈനാപ്പിള്‍, ഓറഞ്ച്, മാമ്പഴം, മുന്തിരിപ്പഴം, പ്ലംസ് എന്നിവ ഒഴിവാക്കേണ്ടതാണ്.)