കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.
നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18-നാണ് കേസിനാസ്പദമായ സംഭവം.
ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്‌ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ കുസുമം മകനായ സെബിന്‍ അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്താൻ ശ്രമിച്ചു. അതിവേഗം തീ ആളിപ്പടര്‍ന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പൊള്ളലേറ്റ സിബിന്‍ അബ്രഹാം മരണത്തിന് കീഴടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു 30 വയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമായിരുന്നു കേസ്. തലയോലപറമ്പിലുള്ള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍ കക്ഷി.
മരിയ ബോട്ടിലിംഗ് പ്ലാന്റിന്റെ ജനറല്‍ മാനേജര്‍, സുരക്ഷാ മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കം സൂപ്പര്‍വൈസര്‍ എന്നിവരാണ് നാലും അഞ്ചും ആറും എതിര്‍കക്ഷികള്‍. മീനച്ചില്‍ താലൂക്കിലെ വിനായകര്‍ ഗ്യാസ് ഏജന്‍സിയും വിനായകര്‍ ഗ്യാസ് ഏജന്‍സിയുടെ മാനേജരുമാണ് ഏഴും എട്ടും എതിര്‍കക്ഷികള്‍. ഇവരുടെ അശ്രദ്ധമൂലമുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.