
കൊച്ചി: പാചകവാതക കണക്‌ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജൻസി ഓഫിസുകളിൽ തിരക്ക്. അവസാന തിയ്യതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആണ് വിതരണ കമ്പനികളിൽ നിന്നുള്ള നിർദേശമെന്ന് ഏജൻസി പ്രതിനിധികൾ പറഞ്ഞു.
ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിൻ്റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് ലക്ഷ്യമിടുന്നത്.
മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്‌റ്ററിങ് നിർബന്ധമാക്കുന്നത്. മസ്റ്ററിംങ് നടത്താത്ത ഉപഭോക്താക്കൾക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസറിങ് നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികൾ വിതരണക്കാർക്കു നൽകിയ സർക്കുലറിൽ പറയുന്നത്. ഇൻഡേൻ, ഭാരത്, എച്ച്‌പി പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫിസുകളിലെത്തി ഉപഭോക്താക്കൾക്ക് മറിങ് നടത്താം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഇന്ധന വിതരണ കമ്ബനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്ബനികളുടെ മൊബൈൽ ആപ്പ്, ആധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം. നടപടികൾ ശരിയാണെങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.