നെഞ്ചെരിച്ചിലിനെ നിസ്സാരമായി കാണണ്ട ;ശ്രദ്ധിച്ചില്ലെങ്കിൽ ക്യാൻസ‍ർ സാധ്യത വരെ

Spread the love

സ്ഥിരമായുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും നിസാരമായി കാണാരുത്,ചികിത്സ തേടണം.ഒരുപക്ഷേ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗത്തിന്റെ ലക്ഷണമാകാം.

ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗമാണ് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD). ആമാശയത്തിലെ ആസിഡ് അഥവാ പിത്തരസം അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോഴാണ് ഈ അവസ്ഥ രൂപപ്പെടുന്നത്.

ഇങ്ങനെ തിരികെ ഒഴുകുന്ന ആസിഡ് അന്നനാളത്തിലെ പാളിയെ പ്രകോപിപ്പിക്കും. ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ടെങ്കിലും, ഇത് തുടർച്ചയായി സംഭവിക്കുകയും, അന്നനാളത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുകയാണെങ്കിൽ, ജിഇആർഡി ആണെന്ന് അനുമാനിക്കാം. നെഞ്ചെരിച്ചിൽ, പുളിച്ച ഭക്ഷണം അല്ലെങ്കിൽ ദ്രാവകം തികട്ടി വരിക, ഭക്ഷണം വിഴുങ്ങാൻ പ്രയാസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. തുടർച്ചയായ വീക്കം, അൾസർ, രക്തസ്രാവം എന്നിവ അന്നനാളത്തിൽ ഉണ്ടാകും. ഉറക്കമില്ലായ്മ ,ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്കും ഈ രോഗാവസ്ഥ നയിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും, കൃത്യമായ ചികിത്സയിലൂടെയും, ജിഇആർഡിയെ നിയന്ത്രിക്കാനാകും. എന്നാൽ, ദീർഘകാലം ചികിത്സിക്കാതിരിക്കുകയും, രോഗലക്ഷണങ്ങളെ അവഗണിക്കുകയും ചെയ്താൽ, അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ആമാശയത്തിലെ ആസിഡിൽ നിന്നുള്ള നിരന്തരമായ പ്രകോപനം അന്നനാളത്തിന്റെ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകും. ഈ വിട്ടുമാറാത്ത വീക്കം കാലക്രമേണ ബാരറ്റ്സ് ഈസോഫാഗസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

അന്നനാളത്തിലെ സാധാരണ കോശങ്ങൾക്ക് പകരം കുടലിന്റെ പാളിക്ക് സമാനമായ കോശങ്ങൾ വളരുന്ന ക്യാൻസറിനു മുമ്പുള്ള അവസ്ഥയാണ് ബാരറ്റ്സ് ഈസോഫാഗസ്. ബാരറ്റ്സ് ഈസോഫാഗസ് തനിയെ ക്യാൻസറല്ലെങ്കിലും, അന്നനാളത്തിലെ ഗ്രന്ഥികളിൽ ആരംഭിക്കുന്ന ഒരുതരം ക്യാൻസറായ ഈസോഫാഗൽ അഡിനോകാർസിനോമ വരാനുള്ള സാധ്യത ഇത് വ‍ർധിപ്പിക്കും.

ദീർഘകാലമായി ജിഇആർഡി ഉള്ളവരിലും, അതിനെ കൃത്യമായി ചികിത്സിച്ച് നിയന്ത്രിക്കാത്തവരിലും, ബാരറ്റ്സ് ഈസോഫാഗസ് രോഗനിർണയം നടത്തിയവരിലും, ക്യാൻസർ സാധ്യത കൂടുതലാണ്.

അനാരോഗ്യകരമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, കുടുംബചരിത്രം എന്നിവ ഈ ക്യാൻസ‍‍ർ സാധ്യതയെ വർധിപ്പിക്കും.

ദീർഘകാല ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് രോഗം ഉള്ളവർക്കും, ബാരറ്റ്സ് ഈസോഫാഗസ് രോഗനിർണയം നടത്തിയവർക്കും, കൃത്യമായ ഇടവേളകളിൽ, നിരീക്ഷണവും ചികിത്സയും അത്യാവശ്യമാണ്. അന്നനാളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിനും കോശങ്ങളുടെ സാമ്പിളുകൾ എടുക്കുന്നതിനും എൻഡോസ്കോപ്പി ചെയ്യുന്നതാണ് ഉചിതം.

ക്യാൻസറിനു മുമ്പുള്ള മാറ്റങ്ങൾ നേരത്തെ കണ്ടെത്തുന്നത് കൃത്യസമയത്ത് ചികിത്സ നൽകാൻ സഹായിക്കുകയും അതുവഴി ക്യാൻസർ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

പ്രതിരോധവും ചികിത്സയും

ജീവിതശൈലിയിലെ മാറ്റങ്ങൾ : ശരീരഭാരം നിയന്ത്രിക്കുക, കാരം, കൊഴുപ്പ്, കഫീൻ, അല്ലെങ്കിൽ ആസിഡ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക.
പരിശോധന : ബാരറ്റ്സ് ഈസോഫാഗസ് രോഗം കണ്ടെത്തിയവരെ കൃത്യമായ ഇടവേളകളിൽ എൻഡോസ്കോപ്പി വഴി നിരീക്ഷിക്കുക. ഇത് ക്യാൻസർ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും.