
22 കിലോ കഞ്ചാവുമായി 2 മലപ്പുറം സ്വദേശികൾ ഒറ്റപ്പാലത്ത് പിടിയിൽ: കഞ്ചാവ് കടത്തിയത് കാറിൽ
ക്രൈം ഡെസ്ക്
ഒറ്റപ്പാലം ; കാറിൽ കടത്തിയ 22 കിലോ കഞ്ചാവുമായി 2 മലപ്പുറം സ്വദേശികളെ ഒറ്റപ്പാലം പോലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. മലപ്പുറം, കണ്ണമംഗലം, സ്വദേശികളായ സിറാജ് (32) , സുധീഷ് ( 32 ) എന്നിവരെയാണ് ഒറ്റപ്പാലത്ത് വെച്ച് പിടികൂടിയത്.
മലബാർ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കാറിൽ ബാഗിലാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 22 ലക്ഷം രൂപയോളം വില വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന പ്രത്യേക വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനക്കിടെ നിർത്താതെ പോയ കാർ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പുതു വത്സരദിന ആഘോഷത്തിനായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകമായതായി സൂചനയുണ്ട്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തെത്തുടർന്ന് , നർകോട്ടിക് സെൽ ഡിവൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെൻ്റ് ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ ഇന്ന് കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.
ഒറ്റപ്പാലം എസ്.എച്ച്.ഒ വിഷ്ണു പ്രദീപ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്.ഐ പി.എൽ ജോർജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.എസ് സാജിദ്, ഉദയൻ , സുനന്ദകുമാർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ജലീൽ, ആർ. കിഷോർ , അഹമ്മദ് കബീർ, ആർ. വിനീഷ് , എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ , എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.