തിരുവാതുക്കലിലെ കഞ്ചാവ് മാഫിയ ആക്രമണം: അറസ്റ്റിലായ പ്രതികളുടെ വാർത്ത പ്രസിദ്ധീകരിച്ച തേർഡ് ഐ ന്യൂസ് സംഘത്തിന് നേരെ ഭീഷണി; ഫോണിൽ ഭീഷണിപ്പെടുത്തുന്നത് കഞ്ചാവ് മാഫിയ സംഘാംഗങ്ങൾ

തിരുവാതുക്കലിലെ കഞ്ചാവ് മാഫിയ ആക്രമണം: അറസ്റ്റിലായ പ്രതികളുടെ വാർത്ത പ്രസിദ്ധീകരിച്ച തേർഡ് ഐ ന്യൂസ് സംഘത്തിന് നേരെ ഭീഷണി; ഫോണിൽ ഭീഷണിപ്പെടുത്തുന്നത് കഞ്ചാവ് മാഫിയ സംഘാംഗങ്ങൾ

സ്വന്തം ലേഖകൻ
കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് ആക്രമിച്ച സംഭവം റിപ്പോർട്ട് ചെയ്ത തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന് മാഫിയ സംഘത്തിന്റെ ഭീഷണി. വെള്ളിയാഴ്ച രാവിലെ മുതൽ രണ്ടു ഫോൺ നമ്പരുകളിൽ നിന്നാണ് മാഫിയ സംഘം ഭീഷണി മുഴക്കുന്നത്. അക്രമത്തിൽ ഉൾപ്പെട്ട പ്രതികളുടെ പേരും വിശദാംശങ്ങളും നൽകിയതിനാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തെ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ജൂൺ 23 നാണ് തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനും മകനും സഹോദരങ്ങളും അടക്കം നാലു പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിനു പിന്നാലെയാണ് പ്രതികളുടെ വാർത്ത തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചത്.
കഞ്ചാവ് മാഫിയ സംഘത്തിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്ത പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് മാഫിയ സംഘം തേർഡ് ഐ ന്യൂസ് സംഘത്തിനു നേരെ ഭീഷണി മുഴക്കുന്നത്. 8129030354, 9400230001 എന്നീ നമ്പരുകളിൽ നിന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിനു നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.
തേർഡ് ഐ പ്രസിദ്ധീകരിച്ച വാർത്ത
കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമണം നടത്തുകയും, വഴിയാത്രക്കാരനായ യുവാവിന്റെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ അച്ഛനും മകനും സഹോദരങ്ങളും അറസ്റ്റിൽ. വേളൂർ മാന്താർ പ്ലാപ്പറമ്പിൽ അജേഷ് കുമാർ (ഷാജി – 49), മകൻ അക്ഷയ അജേഷ് (മോനായി -20), സഹോദരങ്ങളായ ഇരുത്തിക്കൽപറമ്പിൽ റോബിൻ റോയി (സോണപ്പൻ – 24), റോഷൻ റോയി (ജിത്തു -20) എന്നിവരാണ് വ്യാഴാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളെ വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
കഞ്ചാവ് വിതരണം ചെയ്യാൻ എത്തിയ ഗുണ്ടാ സംഘത്തെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ജൂൺ 23 ഞായറാഴ്ച തിരുവാതുക്കലിൽ വടിവാളുമായി എത്തിയ മാഫിയ സംഘം വീട് കയറി ആക്രമണം നടത്തിയത്. തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീടും, മുറ്റത്തിരുന്ന സ്‌കൂട്ടറും തല്ലിത്തകർത്ത അക്രമി സംഘം അയൽവാസി കാർത്തിക്കിനെ (24) തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിറ്റേദിവസം തന്നെ വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജി(21)യെ പൊലീസ് പിടികൂടിയിരുന്നു. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയ സംഘത്തെ പിടികൂടിയ ആശ്വാസത്തിലാണ് നാട്ടുകാർ ഇപ്പോൾ. പ്രതികളിൽ പലരുടെയും ഗുണ്ടാ മാഫിയ ബന്ധം കേസിലെ സാക്ഷികൾക്കും നാട്ടുകാർക്കും ഭീഷണിയായും മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ പിടിയിലായത് നാട്ടുകാർക്കും ആശ്വാസമായിട്ടുണ്ട്.