
ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. രണ്ടുവിമാനങ്ങളിലായാണ് ഇവർ എത്തിയത്.
കാസർകോട്-കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് നാലുപേരടങ്ങുന്ന ഒരുസംഘം എത്തിയത്. വിനോദ സഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങി വരുകയാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ്‌ലൻഡിൽ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ തിരികെ നാട്ടിലേക്ക് വിമനം കയറിയതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.
ബാങ്കോക്കിൽ നിന്ന് പുലർച്ചെയോടെ എത്തിയ വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഘം ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് 8 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടികൂടിയത്. 8 കോടിയോളം രൂപ അന്താരാഷ്ട്ര വിപണിയിൽ വിലവരുമിതിന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് ചെന്നൈ കസ്റ്റംസ് ആണ് പിടികൂടിയത്.
പിടിയിലായവർ ഐടി ജീവനക്കാരാണെന്നാണ് വിവരം. ആറുപേരും കേരളത്തിൽ നിന്നുള്ള ബിരുദധാരികളാണ്. വിദഗ്ധ സോഫ്റ്റ്വെയർ എഞ്ചിനിയർമാരും ഇവരിൽ ഉണ്ടെന്ന് കസ്റ്റംസ് പറയുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് അനുയോജ്യമായ ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് തങ്ങൾ ഇതിന് മുന്നിട്ടിറങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.



