കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് പൊതിനൽകി : തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ

കോടതി വരാന്തയിൽ പ്രതിയ്ക്ക് കഞ്ചാവ് പൊതിനൽകി : തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു; മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോടതി വരാന്തയിൽ ഗുണ്ടാ നേതാവിന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ പൊലീസുകാരെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. കോട്ടയം തിരുവാതുക്കൽ കൊച്ചാലുമ്മൂട്ടിൽ ആരോമൽ വിജയൻ (18), മാന്തറ ഭാഗത്ത് വട്ടത്തറ വീട്ടിൽ വിഷ്ണു മനോഹർ (27), പതിനഞ്ചിൽക്കടവ് കൊച്ചുപറമ്പിൽ മാഹിൻ ആഷാദ് (മുന്ന – 18) എന്നിവരെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 
മാർച്ച് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ സിവിൽ സ്‌റ്റേഷൻ വളപ്പിലെ ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്നാം കോടതിയുടെ മുന്നിലായിരുന്നു സംഭവങ്ങൾ. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ്, അടിപിടി, മോഷണക്കേസുകളിൽ പ്രതിയായ തിരുവാതുക്കൾ സ്വദേശി ബാദുഷയെയുമായി എ.ആർ ക്യാമ്പിലെ പൊലീസുകാർ കോടതിവളപ്പിൽ എത്തി. ബാദുഷയുടെ കേസ് വിളിക്കുന്നതിനായി വിലങ്ങ് അഴിച്ച ശേഷം ഇയാളെ കോടതിയ്ക്കുള്ളിലേയ്ക്ക് കയറ്റി. ഇതിനിടെ ഇയാളുടെ അ്ടുത്ത് എത്തിയ പ്രതികൾ രഹസ്യമായി പൊതി ബാദുഷയ്ക്ക് കൈമാറുകയായിരുന്നു. ഇത് കണ്ട പൊലീസുകാർ പ്രതികളെ തടഞ്ഞു. ഇതിനിടെ പൊലീസുകാരും പ്രതികളുമായി ഉ്ന്തും തള്ളുമായി. കോടതിവളപ്പിലുണ്ടായിരുന്ന കൂടുതൽ പൊലീസുകാർ എത്തിയപ്പോഴേയ്ക്കും പ്രതികൾ ഓടിരക്ഷപെട്ടു.
തുടർന്ന് കേസെടുത്ത ഈസ്റ്റ് പൊലീസ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം അന്വേഷണം നടത്തി. ഇന്നലെ പുലർച്ചെയോടെ പ്രതികളെ പിടികൂടുകയായിരുന്നു.  ഈസ്റ്റ് എസ്.ഐ മഹേഷ്‌കുമാർ, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐ സജികുമാർ ഐ, സീനിയർ സിപിഒമാരായ പി.എൻ മനോജ്, ബിജു പി.നായർ, ഈസ്റ്റ് സി.പി.ഒ മോൻസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ വിഷ്ണുവിനെ നേരത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇത് അടക്കം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് വിഷ്ണു. കഞ്ചാവ് വിൽപ്പന നടത്തിയതിനും, കഞ്ചാവ് ഉപയോഗിച്ചതിനും മുന്നയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.