പൊലീസ് മർദിച്ചെന്ന പരാതിയിൽ എ.എസ്.ഐയെ സസ്‌പെന്റ് ചെയ്യിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ: ഓട്ടോ ഡ്രൈവറായ യുവാവിനെ എക്‌സൈസ് പിടികൂടിയത് കഞ്ചാവ് വിൽക്കാനുള്ള ശ്രമത്തിനിടെ;  പിടിയിലായത് മർദനമേറ്റെതിനുള്ള ആശുപത്രിവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ

പൊലീസ് മർദിച്ചെന്ന പരാതിയിൽ എ.എസ്.ഐയെ സസ്‌പെന്റ് ചെയ്യിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ: ഓട്ടോ ഡ്രൈവറായ യുവാവിനെ എക്‌സൈസ് പിടികൂടിയത് കഞ്ചാവ് വിൽക്കാനുള്ള ശ്രമത്തിനിടെ; പിടിയിലായത് മർദനമേറ്റെതിനുള്ള ആശുപത്രിവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ

സ്വന്തം ലേഖകൻ
പാലാ: പൊലീസ് മർദിച്ചെന്നാരോപിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാകുകയും, എ.എസ്.ഐയെ സസ്‌പെന്റ് ചെയ്യിക്കുകയും ചെയ്ത കേസിലെ പരാതിക്കാരനായ യുവാവിനെ അഞ്ചാം ദിവസം കഞ്ചാവുമായി എക്‌സൈസ് പൊക്കി.ക്രൂരമായ പൊലീസ് മർദനത്തിന്റെ വാർത്ത മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ ഏഴുതി ഒരാഴ്ച തികയും മുൻപാണ് യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ഓട്ടോഡ്രൈവറായ പാലാ കരൂർ കുളത്തുമ്മാട്ടേൽ അഖിൽ ബോസിനെയാണ് (32) പാലാ എക്‌സൈസ് സി.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാൻസർ രോഗിയായ അഖിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് വ്യാപകമായി പാലായിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽക്കുകയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
15 ന് രാത്രി പത്തു മണിയോടെ ഓട്ടോറിക്ഷയി പാലാ ടൗണിലൂടെ സഞ്ചരിക്കുകയായിരുന്ന അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇയാളെ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ജോബി ജോർജ് മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി. മർദനമേറ്റതായി ആരോപിച്ച് അഖിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് പാലാ ഡിവൈ.എസ്.പിയ്ക്കും ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്ന് 18 ന് ജോബിയെ സർവീസിൽ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ജോബിയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്.
ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങിയിറങ്ങിയ അഖിൽ പ്രദേശത്തെ കഞ്ചാവ് വിൽപ്പനക്കാരന്റെ കാരിയറായി പ്രവർത്തിക്കുകയാണെന്നു എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പാലാ പന്ത്രണ്ടാം മൈൽ ഭാഗത്ത് അഖിൽ ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എത്തിയതായി വിവരം ലഭിച്ചത്. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ എന്നിവർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഇന്റലിജൻസ് ബ്യൂറോ അംഗം നജീബ്, പാലാ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് അഖിലിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.