play-sharp-fill
കഞ്ചാവ് ലഹരിയിൽ വ്യാപക അക്രമം: ഇരയും പ്രതിയും കഞ്ചാവ് മാഫിയയിലെ കണ്ണികൾ; ഏറ്റുമാനൂരിലും പാറമ്പുഴയിലും വില്ലൂന്നിയിലും വൻ അഴിഞ്ഞാട്ടം

കഞ്ചാവ് ലഹരിയിൽ വ്യാപക അക്രമം: ഇരയും പ്രതിയും കഞ്ചാവ് മാഫിയയിലെ കണ്ണികൾ; ഏറ്റുമാനൂരിലും പാറമ്പുഴയിലും വില്ലൂന്നിയിലും വൻ അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻ
കോട്ടയം: ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ അലോട്ടിയുടെ സംഘത്തിൽ ഉൾപ്പെട്ട പതിനാറുകാരടങ്ങുന്ന സംഘം നഗരത്തിൽ നടത്തിയത് വ്യാപക അക്രമം. ഏറ്റുമാനൂരിലും, പാറമ്പുഴയിലും കഞ്ചാവ് മാഫിയയിലെ കണ്ണികളായ യുവാക്കളെ ആക്രമിച്ച സംഘം, വില്ലൂന്നിയിൽ സിഗറ്റ് നൽകാതിരുന്ന കട തല്ലിപ്പൊളിഞ്ഞു. വ്യാപക അക്രമമാണ് ഒറ്റ ദിവസം കൊണ്ട് അക്രമി സംഘം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര  ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപ്പറമ്പിൽ അഖിൽ രാജ് (21)  അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും, പാറമ്പുഴയിലെ അക്രമ സംഭവത്തിലും അഖിലും പ്രായപൂർത്തിയാകാത്ത ഒരു യുവാവും പ്രതിയാണ്. രണ്ടു കേസിലും പ്രായപൂർത്തിയാകാത്ത ഓരോ പ്രതികൾ കൂടിയുണ്ട്. കേസിൽ ഉൾപ്പെട്ട ആർപ്പൂക്കര വില്ലൂന്നി സ്വദേശി വിഷ്ണുദത്ത് ഓടിരക്ഷപെട്ടു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണി മുതലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം ആരംഭിച്ചത്. കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ഫോണിൽ തർക്ക്മുണ്ടായിരുന്നു. ഇതേ തുടർന്നാണ് അഖിലിന്റെയും വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം പാറമ്പുഴ പെരുമ്പായിക്കാട് സ്വദേശി ബിന്റോയെ വീട് കയറി ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ബിന്റോയെ അടിച്ചു വീഴ്ത്തി. തടയാൻ എത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം ആളുകൾ കൂടിയതോടെ ബൈക്കും, കമ്പി വടി അടക്കമുള്ളവയും ഉപേക്ഷിച്ച് രക്ഷപെട്ടു. പിന്നീട്, വെള്ളിയാഴ്ച പുലർച്ചെയോടെ സംഘം വീണ്ടും വീടിന് സമീപം എത്തി ബൈക്കും ആയുധവും എടുക്കാൻ ശ്രമിച്ചു. ഇത് കണ്ടെത്തിയ ബിന്റോയുടെ സഹോദരിയെ അക്രമികൾ അടിച്ചു വീഴ്ത്തി. ഇവിടെ നിന്നു രക്ഷപെട്ട് പോകുകയും ചെയ്തു.
പിന്നീട്, വെള്ളിയാഴ്ച ഉച്ചയോടെയാണ് അടുത്ത അക്രമമുണ്ടായത്. ഏറ്റുമാനൂരിൽ നഗരമധ്യത്തിലെ മഹാദേവ അക്കാദമിയ്ക്കുള്ളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ അക്രമി സംഘം എത്തുകയായിരുന്നു. കേസിലെ പ്രതികളിൽ ഒരാളെ കുത്തേറ്റ അരവിന്ദ് മർദിച്ചിരുന്നതായി പറയുന്നു. ഇതിനു പ്രതികാരമായി ലഭിച്ച ക്വട്ടേഷൻ നടപ്പാക്കുന്നതിനായാണ് അക്രമി സംഘം എത്തിയത്. തുടർന്ന് ക്ലാസിനുള്ളിൽ കുരുമുളക് സ്േ്രപ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം, ഇടിക്കട്ടയും കമ്പിവടിയും, കത്തിയും ഉപയോഗിച്ച് അരവീന്ദിനെ ആക്രമിച്ചു. അടിയേറ്റ് നിലത്തു വീണ അരവിന്ദിനെ ഭീഷണിപ്പെടുത്തിയ ശേഷംമാണ് പ്രതികൾ രക്ഷപെട്ടത്. വിവരം അറിഞ്ഞെത്തിയ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയാായിരുന്നു. അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു നാലു പ്രതികളെയും ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വില്ലൂന്നിയിൽ കഞ്ചാവ് ലഹരിയിൽ പതിനാറുകാരൻ കട തല്ലിത്തകർത്തത്. കടയിലെത്തി സിഗരറ്റ് ചോദിച്ച യുവാവിനോട് സിഗരറ്റ് നൽകാനാവില്ലെന്നു കട ഉടമ പറഞ്ഞു. ഇതിനു പിന്നാലെ കുട്ടി അക്രമം അഴിച്ചു വിടുകയായിരുന്നു. കട തല്ലിത്തകർക്കുകയും, സോഡാക്കുപ്പി എറിഞ്ഞ് തകർക്കുകകയും ചെയ്തു. അക്രമി സംഘത്തെ ഭയന്ന് കടയുടമ പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല.