എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞു വില്ലനായി: എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം മൂന്നു മാസത്തോളം ഒളിവിൽ മുങ്ങി നടന്നു; ഒളിവിൽ നടക്കുമ്പോഴും കുട്ടികളെ ഉപയോഗിച്ച് കൃത്യമായി ക്ഞ്ചാവ് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കി; ഗുണ്ടാ നേതാവ് അലോട്ടിയ്ക്ക് പഠിച്ച അച്ചു സന്തോഷ് ഒടുവിൽ പൊലീസ് പിടിയിലായി

എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞു വില്ലനായി: എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം മൂന്നു മാസത്തോളം ഒളിവിൽ മുങ്ങി നടന്നു; ഒളിവിൽ നടക്കുമ്പോഴും കുട്ടികളെ ഉപയോഗിച്ച് കൃത്യമായി ക്ഞ്ചാവ് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കി; ഗുണ്ടാ നേതാവ് അലോട്ടിയ്ക്ക് പഠിച്ച അച്ചു സന്തോഷ് ഒടുവിൽ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക്

ഏറ്റുമാനൂർ: എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് വില്ലനായി മാറിയ അച്ചു സന്തോഷ് മൂന്നു മാസത്തിനു ശേഷം ഒടുവിൽ പൊലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ കുട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷി(21)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ – ആന്റി നർക്കോട്ടിക് സ്‌ക്വാഡ് സംഘം ചേർന്ന് സേലത്തു നിന്നും പിടികൂടിയത്. 
കഴിഞ്ഞ വർഷം നവംബർ 26 നാണ് കുറവിലങ്ങാട്ട് വച്ച്് എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് കേസിലെ പ്രതിയായ കോട്ടമുറി കോളനിയിൽ ബിബിൻ ബാബുവിനെ (22) മോചിപ്പിച്ചത്. കേസിലെ മറ്റു പ്രതികളെല്ലാം പിടിയിലായെങ്കിലും അച്ചു സന്തോഷിനെയും മറ്റൊരു കൂട്ടാളിയെയും പിടികിട്ടിയിരുന്നില്ല. പൊലീസും എകസൈസും നിരവധി തവണ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെപ്പറ്റി കൃത്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അച്ചു സന്തോഷ് സേലത്തുള്ളതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചത്. 
സേലത്തു നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾ വഴി ജില്ലയിൽ കഞ്ചാവ് എത്തിക്കുന്നത് അച്ചു സന്തോഷാണെന്ന് ജില്ലാ പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് അച്ചു സന്തോഷിന്റെ സേലത്തെ ഒളിത്താവളം ജില്ലാ പൊലീസിന്റെ ആന്റി ഗുണ്ടാ – ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ചേർന്ന് കണ്ടെത്തിയത്. തുടർന്ന് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പി.വി വർഗീസ്, എ.എസ്.ഐമാരായ അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനോജ് , മഹേഷ് എന്നിവർ എസ്.ഐ ടി.എസ് റെനീഷ്, എസ്.ഐ മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിൽ സേലത്തേയ്ക്ക് പുറപ്പെട്ടു. ഇവിടെ എത്തിയ പ്രതി അച്ചു സന്തോഷിനെ പൊലീസ് സംഘം സാഹസികമായി പിടികൂടി കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിച്ചു. പതിനഞ്ചിലേറെ കേസിൽ പ്രതിയായ അച്ചു സന്തോഷ്ിനെ ഗുണ്ടാ ആക്ട് ചുമത്തി തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് അയച്ചു. 
സേലത്തെയും കമ്പത്തെയും കഞ്ചാവ് മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അച്ചു സന്തോഷ് ഇവിടെ നിന്നും കഞ്ചാവ് കുറഞ്ഞ വിലയിൽ വാങ്ങി ഇടുക്കിയിലെ രാമക്കൽമേട്ടിൽ എത്തിക്കും. ഇവിടെ കഞ്ചാവ് എത്തിച്ച ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വഴിയാണ് ഇയാൾ ജില്ലയിലേയ്ക്ക് കഞ്ചാവ് എത്തിച്ചുവരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കഞ്ചാവുമായി പിടികൂടിയാലും കാര്യമായ കേസുകൾ ഉണ്ടാകില്ല. ഇത് മുതലെടുത്താണ് ഇപ്പോൾ അച്ചു സന്തോഷ് അടക്കമുള്ളവർ പ്രായപൂർത്തിയാകാത്ത കുട്ടികളെ കഞ്ചാവ് കടത്താൻ ഉപയോഗിക്കുന്നത്.  ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് വിദ്യാർത്ഥികളെ ഉപയോഗിച്ച് തന്നെ വിൽക്കുകയാണ് അച്ചു ചെയ്തിരുന്നത്. വിൽക്കുന്ന കഞ്ചാവിൽ നിന്നു ലഭിക്കുന്ന തുക ഉപയോഗിച്ച് കേസ് നടത്താമെന്നായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ, പൊലീസ് പിടിയിലായതോടെ ഈ പദ്ധതി പൊളിയുകയായിരുന്നു. ഡിവൈ.എസ്.പിമാരായ ആർ.ശ്രീകുമാർ, കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അച്ചു സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. 
ഏറ്റുമാനൂരിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലിനായി സ്ഥലം ഏറ്റെടുത്തതോടെയാണ് അച്ചു സന്തോഷിന്റേത് അടക്കമുള്ള കുടുംബത്തെ അതിരമ്പുഴയിലെ കോളനിയിലേയ്ക്ക് മാറ്റിയത്. ഇതോടെയാണ് അതിരമ്പുഴയിലെ കോട്ടമുറി കോളനി സ്ഥിരം സംഘർഷ കേന്ദ്രമായത്. ഇവിടെ കഞ്ചാവ് എത്തിക്കുന്നതും, കുട്ടികളെ കഞ്ചാവിന്റെ പിടിയിൽ കുടുക്കുന്നതും അച്ചു സന്തോഷും സംഘവുമായിരുന്നു. അച്ചു സന്തോഷ് കാപ്പ കേസിൽ കുടുങ്ങി അകത്ത് പോയതോടെ സന്തോഷിക്കുന്നത് ഒരു നാട് മുഴുവനുമാണ്.