play-sharp-fill
കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനുള്ള പൊലീസ് ശ്രമം പാളി: കുമരകത്ത് മാഫിയ സംഘാംഗം പൊലീസ് ജീപ്പിൽ നിന്നും വിലങ്ങുമായി രക്ഷപെട്ടു; പന്ത്രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി വിവരമില്ലാതെ പൊലീസ്

കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനുള്ള പൊലീസ് ശ്രമം പാളി: കുമരകത്ത് മാഫിയ സംഘാംഗം പൊലീസ് ജീപ്പിൽ നിന്നും വിലങ്ങുമായി രക്ഷപെട്ടു; പന്ത്രണ്ട് മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി വിവരമില്ലാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ കുടുക്കാനുള്ള പൊലീസ് ശ്രമം പാളിയതോടെ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനിയായ യുവാവ് വിലങ്ങുമായി പൊലീസ് ജീപ്പിൽ നിന്നും ചാടി രക്ഷപെട്ടു. തിരുവാർപ്പ് സ്വദേശിയായ രജീഷ് (27) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടത്. സംഘത്തിലെ മറ്റൊരു കണ്ണിയായാ തിരുവാർപ്പ് സ്വദേശി അരോമലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടുന്നതിനായാണ് പൊലീസ് സംഘം തയ്യാറെടുത്തിരുന്നത്. ഇതിന്റെ ഭാഗമായി ആരോമലിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആരോമലിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് രജീഷ് ആയിരുന്നു. ഇതേ തുടർന്ന് രജീഷിനെ കുടുക്കുന്നതിനായി ആരോമലിനെ ഉപയോഗിച്ച് വിളിച്ചു വരുത്തുകയായിരുന്നു പൊലീസ്. കഞ്ചാവുമായി രജീഷ് തിരൂവാർപ്പ് മീൻചിറയിൽ എത്തിയപ്പോഴേയ്ക്കും വട്ടം കയറി നിന്ന പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വിലങ്ങ് അണിയിച്ച് ജീപ്പിനുള്ളിലേയ്ക്ക് കയറ്റി. ഇതിനിടെ ജീപ്പ് മുന്നോട്ട് എടുത്തതോടെ പ്രതിയായ രജീഷ് വിലങ്ങുമായി പുറത്തേയ്ക്ക് ചാടി രക്ഷപെടുകയായിരുന്നു. പിന്നാലെ, പൊലീസ് സംഘം ഓടി നോക്കിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ ഇയാൾ രക്ഷപെട്ടു.
എന്നാൽ, ഇതിനിടെ പ്രതി രക്ഷപെട്ടതിന്റെ ഉത്തരവാദിത്വം സംഭവ സമയത്ത് എസ്.ഐയ്‌ക്കൊപ്പമുണ്ടായിരുന്ന എ.എസ്.ഐയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് ഉന്നത ഉദ്യോഗസ്ഥർ നടത്തുന്നതെന്ന ആരോപണം പൊലീസ് സേനയിൽ ശക്തമാണ്. പ്രതിയെ കസ്റ്റഡിയിൽ എടുത്തത് എസ്.ഐ ആണെന്നിരിക്കെ എ.എസ്.ഐയെ ബലിയാടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.