മദ്യ ലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി; ഭക്ഷണം വിളമ്പിക്കൊടുത്ത ചെറുപ്പക്കാരനു നേരെ അസഭ്യവും അക്രമവും; തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു; കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ
ചാരുമൂട്: നൂറനാട് ആശാന്‍ കലുങ്ക് ഭാഗത്ത് സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പിൽ വീട്ടിൽ ഹാഷിമിനെ (35)നെയാണ് പിടികൂടിയത്.
മദ്യ ലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഇയാള്‍ ഭക്ഷണം വിളമ്പിക്കൊടുത്ത ചെറുപ്പക്കാരനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
അതിക്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നൂറനാട് എസ് ഐ നിതീഷ് എസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2006 മുതൽ നൂറനാട്, അടൂർ, ശാസ്താംകോട്ട തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ 22 ഓളം കേസുകളിൽ ഇയാള്‍ പ്രതിയാണ്. വീടുകയറി അക്രമം, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, ഭവനഭേദനം, ആയുധങ്ങളുമായി അക്രമം തുടങ്ങി വിവിധതരത്തിലുള്ള പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടു വന്ന ഹാഷിമിനെ കാപ്പാ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.