വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരേ സംഘംചേര്‍ന്ന് ആക്രമണം; പോലീസിനെ കല്ലുകൊണ്ട് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; സംഭവത്തില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരേ കേസ്
എറണാകുളം: മട്ടാഞ്ചേരിയില്‍ വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരേ സംഘംചേര്‍ന്ന് ആക്രമണം. ഇതേതുടര്‍ന്ന് ജീപ്പില്‍ കയറ്റിയ പ്രതികളില്‍ ഒരാളെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി മോചിപ്പിച്ചു.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ മട്ടാഞ്ചേരി ബസാര്‍ റോഡില്‍ കല്‍വത്തി പാലത്തിന് സമീപമാണ് സംഭവം. വിദേശ വനിതകളെ ശല്യം ചെയ്യുന്നതായി മട്ടാഞ്ചേരി സ്റ്റേഷനില്‍ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. സിബിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു.
ആ സമയത്ത് പാലത്തിലിരിക്കുകയായിരുന്നവരോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ഭാസി, അഫ്സല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പ്രതികളില്‍ ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍, ഇയാളുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രതിയെ ബലമായി മോചിപ്പിക്കുകയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിബിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.