പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; നാലുപേർ പിടിയിൽ

Spread the love

തിരുവനന്തപുരം:  മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടാ ആക്രമണം. വീട്ടിലേക്ക് പടക്കങ്ങൾ എറിഞ്ഞ് സ്ഫോടനമുണ്ടാക്കിയ സംഘം നിരവധി വാഹനങ്ങൾ തകർത്തു. പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച്ച അർധരാത്രി 12.30ഓടെയായിരുന്നു സംഭവം. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്.

ബൈക്കില്‍ പോകുമ്പോൾ പതിയെ പോകാൻ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികില്‍ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഇതേ ഗുണ്ടാ സംഘങ്ങൾ കടയിൽ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയേയും ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോൾ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം നടത്തിയതെന്നും കടയുടമ പൊന്നയ്യന് പറഞ്ഞു. പഴക്കുലകൾ വെട്ടിനശിപ്പിക്കുകയും വാളുപയോഗിച്ച്‌ പൊന്നയ്യനെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്കൂട്ടറിലും ബൈക്കിലുമായി എട്ട് പേരുടെ സംഘമാണ് എത്തിയതെന്ന് പൊന്നയ്യന് പറഞ്ഞു.