
തിരുവനന്തപുരം: പത്തനംതിട്ട മുറിഞ്ഞകല്ലിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാമെന്നും റോഡിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങൾ വർധിച്ചുവരികയാണ്. ഫൈനുകൾ വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മൽ ഓരോരുത്തരുടേയും ആവശ്യമാണ്. ഇതിനൊരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണം.
വണ്ടിയോടിക്കുമ്പോൾ ഒരു നായയോ പൂച്ചയെ കുറുകെ ചാടിയാൽ നല്ല രീതിയിൽ നിർത്താൻ പറ്റുമോയെന്ന് ചിന്തിക്കുക. ആ ചിന്ത ഇല്ലാതെയാണ് നമ്മൾ വണ്ടിയോടിക്കുന്നത്. മാത്രമല്ല നല്ല റോഡുകൾ ഉണ്ടാകുമ്പോൾ അപകടമുണ്ടാവും. ഇക്കാരണംകൊണ്ട് നല്ല റോഡുകൾ ഉണ്ടാക്കാതിരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ജംഗ്ഷനിലും ഹംപ് വെയ്ക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഡ്രൈവിങ്ങിൽ സ്വയം അച്ചടക്കം പുലർത്തുകയല്ലാതെ ഇതിന് അടിസ്ഥാനപരമായി ഒരു മോചനമില്ല. അമിതവേഗത്തിൽ വാഹനമോടിച്ച് വരികയും ക്യാമറ കണ്ടാൽ ഉടൻ ചവിട്ടി, ഇതിന്റെ പരിധിക്ക് അപ്പുറം കടന്നാൽ വീണ്ടും വേഗത കൂട്ടുകയും ചെയ്യും. മൂവിങ് ക്യാമറ ഉപയോഗിച്ച് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ വാഹനം പരിശോധിക്കുന്ന സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.