video
play-sharp-fill

മൂന്ന് രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽനിന്നും ഗാന്ധിജിക്ക് മോചനം ; നടപടി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിൻ്റെ ഫലമായി

മൂന്ന് രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽനിന്നും ഗാന്ധിജിക്ക് മോചനം ; നടപടി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിൻ്റെ ഫലമായി

Spread the love

പാലാ: ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചത് എബി ജെ ജോസിൻ്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിൻ്റെ ഫലമായിട്ടാണ് ഈ നടപടികൾ. ഇന്ത്യയുടെ സൗഹ്യദ രാഷ്ട്രങ്ങളായ റഷ്യ, ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിലായിരുന്നു ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ പ്രദർശിപ്പിച്ചിരുന്നത്. റഷ്യൻ ബിയർ നിർമ്മാതാക്കളായ റിവോർട്ട് ബ്രൂവറിയാണ് ഏറ്റവും ഒടുവിൽ ബിയർ ക്യാനിൽ നിന്നും ഗാന്ധിജിയുടെ ചിത്രം പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകിയത്. ഗാന്ധിജിയുടെ ഒപ്പും ബിയർ ക്യാനിൽ നിന്നും ഇവർ ഒഴിവാക്കിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് എന്നിവർക്കു പരാതികളയയ്ക്കുകയായിരുന്നു. നടപടികൾക്കു കാലതാമസം നേരിട്ടതോടെ 5001 പ്രതിഷേധക്കാർഡുകൾ റഷ്യൻ എംബസിയിലേയ്ക്ക് അയച്ചു. ഇതിനു പിന്നാലെ ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ നിന്നൊഴിവാക്കിയെന്നും സംഭവത്തിൽ ക്ഷമാപണം നടത്തിയുമുള്ള റിവോർട്ട് ബ്രൂവറി കമ്പനിയുടെ വികസന ഡയറക്ടർ ഗുഷിൻ റോമൻ്റെ ഇ മെയിൽ സന്ദേശം എബി ജെ ജോസിനു ലഭിച്ചു.

2019 ൽ ടിക്ടോക്ക് വീഡിയോയിലൂടെയാണ് ഇസ്രായേലിൽ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ പതിപ്പിച്ചിട്ടുണ്ടെന്ന വിവരം എബി അറിയുന്നത്. മാൽക്ക എന്ന കമ്പനിയുടേതായിരുന്നു മദ്യം. ഇസ്രായേലിന്റെ 70 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡീഷനായി പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജിയുടെ ചിത്രം ചേർത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടും ബനിയനും കൂളിംഗ് ഗ്ലാസും ധരിപ്പിച്ചു ഗാന്ധിജിയെ കോമാളിയാക്കിയ നിലയിലുള്ള ചിത്രമായിരുന്നു മദ്യക്കുപ്പികളിൽ അച്ചടിച്ചിരുന്നത്. തുടർന്നു മദ്യത്തിനെതിരെ ജീവിതത്തിലൂടനീളം നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ ചേർത്തത് അനാദരവാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർക്ക് എബി പരാതി അയച്ചു.

വിഷയം ശ്രദ്ധയിൽപ്പെട്ട ആം ആദ്‌മി പാർട്ടി എം. പി. ഇക്കാര്യം രാജ്യസഭയിൽ ഉന്നയിച്ചു. സംഭവത്തിൽ രാജ്യസഭ ഒന്നടങ്കം പ്രതിഷേധിച്ചു. രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടിയന്തിര നടപടി സ്വീകരിക്കാൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിലൂടെ ഇസ്രായേൽ മദ്യകമ്പനി ഖേദം പ്രകടിപ്പിച്ചു ചിത്രം പിൻവലിക്കുകയായിരുന്നു

ഈ സംഭവം പുറത്തു വന്നതോടെ ചെക്ക് റിപ്പബ്ളിക്കിൽ വിനോദസഞ്ചാരത്തിനു പോയ മലയാളികൾ അവിടെയും മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നത് കണ്ടു. ഇക്കാര്യം അവർ എബി ജെ. ജോസിനെ അറിയിച്ചു. തുടർന്ന് ചെക്ക് റിപ്പബ്ളിക്കിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി ആൻഡ്രജ് ബാബെയ്‌സ് ഉൾപ്പെടെയുള്ളവർക്ക് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ അച്ചടിച്ച് പിവോവർ ക്രിക് എന്ന കമ്പനി അനാദരിച്ചതായി കാണിച്ച് പരാതി നൽകി.

പിന്നീട് എബി ജെ. ജോസ് ഡൽഹിയിലെ ചെക്ക് റിപ്പബ്ളിക് എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി ചെക്ക് റിപ്പബ്ളിക്കിലെ വിദേശകാര്യ മന്ത്രാലയം വഴി നടപടി എടുപ്പിക്കുകയായിരുന്നു. ഗാന്ധിക്കയുടെ ചിത്രത്തോടുകൂടിയ മദ്യത്തിന്റെ ഉത്പാദനം നിർത്തിവച്ചതായും വിപണിയിലുള്ളവ 2019 ആഗസ്റ്റ് 31നകം പിൻവലിച്ച് വിൽപ്പന അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ചെക്ക് എംബസി കോൺസുലാർ ആയിരുന്ന മിലൻ ദോസ്‌താൽ എബി ജെ. ജോസിനെ ഫോണിൽ വിളിച്ചും ഇ മെയിൽ സന്ദേശം വഴിയും അറിയിക്കുകയായിരുന്നു.

ഗാന്ധി നിന്ദയെക്കെതിരെ നിരവധി ഒറ്റയാൾ പോരാട്ടങ്ങൾ എബി നടത്തിയിട്ടുണ്ട്. പൂജ ശകുൻ പാണ്ഡെ ഗാന്ധിജിയുടെ ഫോട്ടോയിൽ പ്രതീകാരമായി വെടിയുതിർത്ത് രക്തം ഒഴുക്കിയതിനെതിരെയും എബി ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാലായിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിക്ക് ആദരവൊരുക്കാൻ ഗാന്ധിസ്ക്വയറും പ്രതിമയും എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ പാലാ മൂന്നാനിയിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. കേര ള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് പ്രതിമ അനാവരണം ചെയ്തത്.