
ആലപ്പുഴ : മുതിർന്ന നേതാവ് ജി സുധാകരൻ സിപിഎം വിട്ടുവന്നാല്‍ പിന്തുണ നല്‍കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് സുധാകരൻ അറിയിച്ചാല്‍ ആ നിമിഷം മുതല്‍ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഷുക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഴുവൻ കോണ്‍ഗ്രസ് പ്രവർത്തകരും ജി സുധാകരനോടൊപ്പം ഉണ്ടാകും. സുധാകരൻ സ്ഥാനാർത്ഥിയായാല്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് ജയിക്കും. സിപിഎം നേതാക്കള്‍ ആ പാർട്ടിയുടെ മോശം ശൈലികളെ വിമർശിച്ച് പുറത്തു വരുമ്പോള്‍ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ജി സുധാകരന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഷുക്കൂർ വ്യക്തമാക്കി.
അവസാനവട്ട അനുനയത്തിലും വഴങ്ങാതിരുന്ന ജി സുധാകരൻ, ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് പ്രഖ്യാപനം. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്നാണ് സൂചന. മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടില്‍ എത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. എന്നാല്‍ മാനദണ്ഡപ്രകാരം മാറ്റിനിർത്തിയതല്ലേ എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. എങ്കില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നു സുധാകരനും അറിയിച്ചു. 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചാല്‍ കരുതലോടെ നീങ്ങാനാണ് പാർട്ടി അണികള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കീഴ്ഘടകങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ഇന്നലെ രാത്രി ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയില്‍ നിർദേശം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


