വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാര്യർക്ക് സാമൂഹിക ബോധമില്ല; ജി.സുധാകരൻ
സ്വന്തം ലേഖകൻ
ആലപ്പുഴ: വനിതാ മതിലിൽ നിന്നും പിന്മാറിയ നടി മഞ്ജു വാര്യരെ രൂക്ഷമായി വിമർശിച്ച് മന്ത്രി ജി. സുധാകരൻ. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയർ മാറ്റണമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. അഭിനേത്രി എന്ന നിലയിൽ ബഹുമാനക്കുറവില്ല. വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹിക വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയ മന്നത്ത് പത്മനാഭൻ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോൾ നവോത്ഥാന പ്രവർത്തനത്തെ എതിർക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. നേരത്തെ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വനിതാ മതിലിൽ നിന്നും മഞ്ജു പിൻമാറുകയായിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേർന്നത് അറിഞ്ഞിരുന്നില്ലെന്നും പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group