
സ്വന്തം ലേഖിക
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയത്ത് എത്തി.
നേതാവിന്റെ സ്വന്തം ജില്ലയില്‍ വിലാപയാത്ര എത്തിയത് 26 മണിക്കൂര്‍ എടുത്താണ്.
ജഗതിയിലെ പുതുപ്പള്ളിയില്‍ നിന്നും കോട്ടയത്തെ ഡിസിസി ഓഫീസിലെത്താൻ വേണ്ടി വന്നത് ഇരുപത്തിയേഴ് മണിക്കൂര്‍!

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ജനസാഗരമാണ്. മനുഷ്യ മതില്‍ തീര്‍ത്ത് അവര്‍ ജനനായകന് വിട ചൊല്ലി. അതിനിടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാൻ രാഹുല്‍ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പോകും.
തലസ്ഥാനത്ത് നിന്നും വിലാപയാത്രയായി എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ശേഷം 3.30 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാൻ ജനലക്ഷങ്ങള്‍ എം.സി റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമങ്ങളെല്ലാം തെറ്റുകയായിരുന്നു.
വിലാപയാത്രയില്‍ വഴിയോരങ്ങളില്‍ മുദ്രാവാക്യം വിളിച്ച് കണ്ഠമിടറി രാത്രി ഉടനീളം ഉറക്കമിളച്ച് കാത്തിരുന്നു ജനം, തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ. ജനക്കൂട്ടം തിങ്ങിക്കൂടി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ടതാണ് വിലാപയാത്ര. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതല്‍ ആളുകള്‍ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനിൽക്കുകയാണ്.



