video
play-sharp-fill

ഡാറ്റ ഓഫർ ഉണ്ടെങ്കിലും ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം  ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഫ്രീ വൈഫൈ കിട്ടിയാൽ ചാടിക്കേറി കണക്ട് ചെയ്യരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ഡാറ്റ ഓഫർ ഉണ്ടെങ്കിലും ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഫ്രീ വൈഫൈ കിട്ടിയാൽ ചാടിക്കേറി കണക്ട് ചെയ്യരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Spread the love

നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങൾ മൂലം ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉൾപ്പെടെ പബ്ലിക് വൈഫൈ സേവനങ്ങൾ നിരവധി പേർക്ക് രക്ഷയാകാറുണ്ട്. എന്നാൽ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്ട് ചെയ്യും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സുരക്ഷയ്ക്ക് ഏറെ ഗുണം ചെയ്യും. റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടെ ലഭ്യമാകുന്ന സൗജന്യ വൈഫൈ ഇന്‍റർനെറ്റ് ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്. എന്നാൽ എല്ലാവർക്കുമായി തുറന്നു നൽകിയിരിക്കുന്ന ഇത്തരം പൊതു വൈഫൈ സംവിധാനങ്ങളെ ആശ്രയിക്കും മുമ്പ് നമ്മുടെ ഡാറ്റയും ഐഡന്‍റിറ്റിയും പരിരക്ഷിക്കുന്നതിന് നാം ചിലകാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. അ‌ത് എന്തൊക്കെയാണ് എന്ന് നോക്കാം.

1. ഷെയറിങ് ഓഫാക്കുക: ഫയലുകളും ഫോൾഡറുകളും പങ്കിടുന്നത് ഓഫീസ് വൈഫൈയിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമായിരിക്കാം. എന്നാൽ പബ്ലിക് വൈഫൈയിൽ കണക്ട് ചെയ്യും മുമ്പ് നിങ്ങളുടെ ഫയൽ ഷെയറിങ് ഓപ്ഷൻ ഓഫ് ആക്കാൻ ശ്രദ്ധിക്കണം. അ‌ല്ലെങ്കിൽ പൊതു വൈഫൈയിൽ കണക്ട് ചെയ്യുമ്പോൾ നിങ്ങൾ ഷെയർ ചെയ്തിരിക്കുന്ന ഫോൾഡറുകൾ മറ്റുള്ളവർക്കും ലഭ്യമായേക്കും.

2. ഓൺലൈൻ ബാങ്കിംഗ് സൈറ്റുകളിൽ സൈൻ ഇൻ ചെയ്യുന്നത് ഒഴിവാക്കുക: ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ പോലുള്ള വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അക്കൗണ്ടുകളിൽ സൈൻ ഇൻ ചെയ്യുന്നത് ഒഴിവാക്കുക. എത്ര മികച്ച വെബ്സൈറ്റ് ആണെങ്കിലും ആ സൈറ്റിലെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ പബ്ലിക്ക് വൈഫൈയിൽ ഹാക്കർമാർക്ക് ആക്‌സസ് ചെയ്യാൻ കഴിഞ്ഞേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക: എളുപ്പത്തിനായി വൈഫൈ നെറ്റ്‌വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക് ആയി കണക്ട് ആകുന്ന ഓപ്ഷൻ പലരും ഉപയോഗിക്കാറുണ്ട്. ഇത് ഏറെ എളുപ്പമുള്ള ഓപ്ഷനാണ് എങ്കിലും സുരക്ഷ കണക്കിലെടുക്കുമ്പോൾ അ‌പകടകരമാണ്. ഓട്ടോമാറ്റിക് ആയി കണക്ട് ആകുമ്പോൾ നാമറിയാതെ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നമ്മുടെ സ്മാർട്ട്ഫോണിലേക്ക് ആക്സസ് ലഭിക്കുന്നു.

ഡാറ്റ ലാഭിക്കുന്നതിനായും മറ്റുമാണ് കൂടുതൽ പേരും വൈഫൈകളിലേക്ക് ഓട്ടോമാറ്റിക് ആക്സസ് അ‌നുവദിക്കുന്നത്. എന്നാലിത് നമ്മുടെ സ്മാർട്ട്ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റകളിലേക്ക് ഹാക്കർമാർക്കും മറ്റും പ്രവേശനം എളുപ്പമുള്ളതാക്കുന്നു. അതിനാൽ ഓപ്പൺ നെറ്റ്‌വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക്ക് ആക്‌സസ് അനുവദിക്കുന്ന ഒപ്ഷൻ ഓഫാക്കി വയ്ക്കുന്നത് ഏറെ നന്നായിരിക്കും.

കിട്ടുന്ന എല്ലാ ഫ്രീ വൈഫൈയും ‘മുതലാക്കാൻ’ ശ്രമിക്കരുത്

സൗജന്യമായി ഡാറ്റ ലഭിക്കും എന്നുകരുതി ലഭ്യമാകുന്ന എല്ലാ വൈഫൈയിലും കണക്ട് ചെയ്ത് ഡാറ്റ ഉപയോഗിക്കാൻ ശ്രമിക്കരുത്. വിശ്വസനീയമായ നെറ്റ്‌വർക്കുകളിൽ മാത്രം കണക്‌റ്റ് ചെയ്യുക. തിരക്കുള്ള പൊതു ഇടങ്ങളിൽ നിരവധി ഓപ്പൺ വൈഫൈകൾ ഉണ്ടാകും. അ‌ത്തരം സ്ഥലങ്ങളിലെ സൗജന്യ വൈഫൈ എന്ന പ്രലോഭനത്തിൽ വീഴരുത്. അ‌ത് ചിലപ്പോൾ നിങ്ങളുടെ ഡാറ്റ ഹാക്കർമാർക്ക് തുറന്നു നൽകുന്നതിന് ഇടയാക്കും. പ്രലോഭിപ്പിക്കുന്നതും അംഗീകൃത സ്ഥാപനങ്ങളുടെ വൈഫൈ എന്നു തോന്നിപ്പിക്കുന്ന പേരുകളിലുള്ളതുമായ വൈഫൈകൾ ചിലപ്പോൾ ഹാക്കർമാരുടെ നിയന്ത്രണത്തിൽ ഉള്ളവയാകാം. അ‌തിനാൽ കണക്ട് ചെയ്യും മുമ്പ് വിശ്വാസ്യത ഉറപ്പാക്കുക.

വിപിഎൻ ഉപയോഗിക്കുക

ഒരു പബ്ലിക്ക് വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാർഗ്ഗങ്ങളിലൊന്നാണ് വിപിഎൻ ഉപയോഗം. ഒരു സുരക്ഷിത എൻക്രിപ്റ്റ് നെറ്റ്‌വർക്കിലൂടെ നിങ്ങളുടെ ഡാറ്റ വിപിഎൻ വഴി തിരിച്ചുവിടുന്നു. ആൻഡ്രോയ്‌ഡ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിപിഎൻ ആപ്പുകൾ ലഭ്യമാണ്.

ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക

എളുപ്പത്തിന് വേണ്ടി നാം പെട്ടെന്ന് ഓർത്തിരിക്കുന്ന ഒരു പാസ്‌വേഡുകള്‍ ഉണ്ടാക്കുകയും മറന്ന് പോകാതിരിക്കാൻ എല്ലാത്തിനും ഒരേ പാസ്വേഡ് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് അ‌പകടകരമാണ്. പബ്ലിക്ക് വൈഫൈയിൽ കണക്ട് ആയിരിക്കുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് ഹാക്കർക്ക് ലഭിച്ചാൽ മറ്റ് അ‌ക്കൗണ്ടുകളും അ‌പകടത്തിലാകും. അ‌തിനാൽ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക. അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ ഉൾപ്പെടാത്ത ആറ് അക്ഷരങ്ങളുള്ള ഒരു ചെറിയക്ഷരത്തിലുള്ള പാസ്‌വേഡ് തകർക്കാൻ വെറും 10 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിപ്പോർട്ട്. അ‌തിനാൽ പാസ്‌വേ‍ഡ് ഉണ്ടാക്കുമ്പോൾ അ‌ക്കങ്ങളും അ‌ക്ഷരങ്ങളും ചിഹ്നങ്ങളും ക്യാപിറ്റൽ- സ്മോൾ ലെറ്ററുകളും ഇടകലർത്തി നൽകാൻ ശ്രദ്ധിക്കുക.

സുരക്ഷാ അപ്‌ഡേറ്റുകൾ കൃത്യമായി നടത്തുക

നമ്മുടെ ഡിവൈസുകളുടെ സുരക്ഷയ്ക്ക് സുരക്ഷാ അപ്‌ഡേറ്റുകൾ നിർണായകമാണ്. അ‌പ്ഡേറ്റുകൾ കൃത്യമായി നടത്തിയില്ലെങ്കിൽ പുതിയതായി ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളെ നേരിടാൻ നമ്മുടെ ഡിവൈസിന് കഴിഞ്ഞു എന്നുവരില്ല. വൈറസുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ മറികടക്കാൻ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഏറെ സഹായിക്കും. നമ്മുടെ ഡിവൈസ് എപ്പോഴും സുരക്ഷാസജ്ജമായിരിക്കാൻ അപ്‌ഡേറ്റുകളില്‍ വീഴ്ചവരുത്താതിരിക്കുക.