
80 ലക്ഷം രൂപ വിലയുള്ള വീട് 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ്തു; ഇതേ വീട് മറച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ കരാറുണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; കേസിൽ വൈദികൻ ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊച്ചി: വ്യാജ കരാർ ഉണ്ടാക്കി കാസർകോട് മൂളിയാർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ വൈദികൻ അടക്കം നാലുപേർ പിടിയിൽ.
മൂവാറ്റുപുഴ മേക്കടമ്പ് മൂലങ്കുഴി വീട്ടിൽ ഫാ. ജേക്കബ് മൂലങ്കുഴി (66), കൊച്ചി പോണേക്കര ചങ്ങാടംപൊക്ക് നികർത്തിൽ വീട്ടിൽ പൊന്നപ്പൻ (58), പോണേക്കര സൗപർണിക വീട്ടിൽ ഷൈജു പി.എസ് (45), തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്ങൽ വീട്ടിൽ എം.ടി. ഷാജു (54) എന്നിവരാണ് പിടിയിലായത്.
ജില്ല സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇടപ്പള്ളി പോണേക്കര ഭാഗത്ത് തൃപ്പൂണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാ. ജേക്കബ് മൂലങ്കുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി കരാർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണത്തിന് അത്യാവശ്യം ഉണ്ടെന്നുപറഞ്ഞ് ഇതേ വീട് കാസർകോട് സ്വദേശി സതീശന് 45 ലക്ഷം രൂപക്ക് തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ കരാറുണ്ടാക്കി ഇയാളിൽനിന്ന് പ്രതികൾ 30 ലക്ഷം കൈക്കലാക്കുകയായിരുന്നു. എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.