
റെയിൽവേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; റിക്രൂട്ടിങ് ബോര്‍ഡ് സീനിയര്‍ ഓഫീസര്‍ ചമഞ്ഞ് യുവതി ഉൾപ്പെടെയുളള സംഘം തട്ടിയത് കോടികൾ ; ഇരകളെ തട്ടിപ്പു സംഘം വലയിലാക്കുന്നത് ഒറിജിനലിനെ വെല്ലുന്ന നിയമനകത്ത് നൽകി ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തലശേരി: റെയിൽവേയില്‍ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് അന്വേഷണം ഊര്‍ജജിതമാക്കി. ഇന്ത്യന്‍ റെയിൽവേയില്‍ ക്‌ളര്‍ക്ക്, ട്രെയിന്‍ മാനേജര്‍,സ്‌റ്റേഷന്‍മാനേജര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദ്ധാനം ചെയ്തു കൊണ്ടാണ് കോടികളുടെതട്ടിപ്പു നടത്തിയത്.
സംഭവത്തില്‍ തലശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതി ജാമ്യഹരജി ജില്ലാ കോടതിയുടെ പരിഗണനയിലാണ്. കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ഗീതാറാണി നല്‍കിയ മൂന്‍കൂര്‍ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണനയിലുളളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീതാറാണി ഇതിനു സമാനമായ ഏഴുകേസുകളില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. കൊയ്യോട് സ്വദേശി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് ഗീതാറാണി ഉള്‍പ്പെടെ മൂന്നുപേരെ പ്രതിചേര്‍ത്തു തലശേരി ടൗണ്‍ പൊലിസ് കേസെടുത്തത്. ഒന്നാം പ്രതിയും സി.പി. എം നേതാവും മുന്‍ബ്‌ളോക്ക് പഞ്ചായത്തംഗവുമായ ചൊക്‌ളി നിടുംമ്ബ്രത്തെ കെ.ശശിയെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കേസിലെ രണ്ടാംപ്രതി ശരത്തെന്ന അജിത്ത് ഒളിവിലാണ്. റെയില്‍വെ റിക്രൂട്ടിങ് ബോര്‍ഡ് സീനിയര്‍ ഓഫീസര്‍ ചമഞ്ഞാണ് ഗീതാറാണി തട്ടിപ്പു നടത്തിയതെന്നു പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശ്രീകുമാറിന് ആദ്യം റെയില്‍വെയില്‍ ക്‌ളര്‍ക്ക് ജോലിയാണ് വാഗ്ദ്ധാനം ചെയ്തത്. പതിനെട്ടുലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്. ഇതിനു ശേഷം ഒറിജിനലിനെ വെല്ലുന്ന നിയമനകത്ത് നല്‍കുകയും തൃശിനാപ്പിളളിയില്‍ ക്‌ളര്‍ക്കായി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ബി.ടെക് അധിക യോഗ്യതയുളളതിനാല്‍ ട്രെയിന്‍മാനേജര്‍ പോസ്റ്റു നല്‍കാമെന്ന് പറഞ്ഞ് ഇരുപതുലക്ഷം രൂപ കൂടിവാങ്ങി നിയമനക്കത്ത് നല്‍കുകയും ബംഗ്‌ളൂരില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജോലിയില്‍ ചേരാന്‍ ചെന്നപ്പോഴാണ് വന്‍തട്ടിപ്പു സംഘത്തിന്റെ വലയിലാണ് തങ്ങള്‍കുടുങ്ങിയതെന്ന് ഉദ്യോഗാര്‍ത്ഥികളും ബന്ധുക്കളും അറിയുന്നത്.
റെയില്‍വെ ജോലി തട്ടിപ്പിന്റെ പിന്നില്‍ വന്‍മാഫിയ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലിസ് അറിയുന്നത്. റെയില്‍വെയിലെ ഉന്നതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേരളത്തിന്പുറത്തും ബന്ധങ്ങളുളള തട്ടിപ്പു സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.