പാവപ്പെട്ട കുടുംബത്തിൽ കയറി സ്ത്രീകളെ പറ്റിച്ച് സുനിൽകുമാർ തട്ടിയെടുത്തത് ലക്ഷങ്ങൾ: ഒരു നാട് മുഴുവൻ കയറിയിറങ്ങി സുനിലിന്റെ തട്ടിപ്പ്; ആറായിരവും പതിനായിരവും വച്ച് സ്ത്രീകളെ മാത്രം തട്ടിച്ച് അക്കൗണ്ടിലാക്കിയത് വൻ തുക; ഒടുവിൽ തട്ടിപ്പ് വീരൻ കുടുങ്ങി
തേർഡ് ഐ ബ്യൂറോ
മലപ്പുറം: വീടുകൾ തോറും കയറിയിറങ്ങി പഞ്ചാരവാക്കുകൾ പറഞ്ഞ് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ. നിർധനരായ സ്ത്രീകളെയാണ് തയ്യൽമിഷീൻ നൽകാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തത്. ഓരോ വീട്ടിൽ നിന്നും ആറായിരം മുതൽ പതിനായിരം രൂപ വരെ ഇത്തരത്തിൽ പ്രതി തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
യുവതികൾക്ക് പകുതി വിലക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞ് സുനിൽകുമാർ തട്ടിയെടുത്തത് ലക്ഷങ്ങൾ. മലപ്പുറത്തുനിന്ന് മാത്രം ലക്ഷങ്ങൾ തട്ടിയ പ്രതി കാസർകോട്, കണ്ണൂർ,കോഴിക്കോട്, തൃശൂർ ജില്ലകളിൽനിന്നും വ്യാപകമായി പണം തട്ടിയെടുത്തതായും പൊലീസ്. 12,000 രൂപ വിലയുള്ള തയ്യൽ മെഷിൻ യന്ത്രം ആറായിരം രൂപക്ക് നൽകാമെന്ന് പറഞ്ഞാണ് പ്രതി വ്യാപകമായി കുടുംബശ്രീ പ്രവർത്തകർ മുഖേനയും അല്ലാതെയും നിർധന സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽനിന്നും പണം വാങ്ങി മുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകൾ വിശ്വാസമാർജിക്കാൻവേണ്ടി പ്രതി ഓരോ പ്രദേശത്തും ഒന്നോ, രണ്ടോപേർക്ക് മേൽപറഞ്ഞ രീതിയിൽ പകുതി വിലയ്ക്ക് തയ്യൽ മെഷീൻ വാങ്ങിച്ചു നൽകിയിട്ടുണ്ട്. ഇത് കണ്ട് വിശ്വാസമാകുന്ന പ്രദേശത്തുള്ളവരെല്ലാം പ്രതിയെ പണം ഏൽപിക്കുകയായിരുന്നു. തുടർന്നു മൊത്തം പണവുമായി മുങ്ങി പ്രതിയെ കുറിച്ച് നാട്ടുകാർക്കൊന്നും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നു പൊലീസിന് പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കെതിരെ വ്യാപാകമായ തട്ടിപ്പു പരാതികളുള്ളതായി ബോധ്യപ്പെട്ടത്.
പ്രതി രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെയാണ്(46) ഇത്തരത്തിൽ പണം തട്ടിയ കേസിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മലപ്പുറം പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം സിഐ: എ.പ്രേംജിത്തും സംഘവും ഇന്ന് പ്രതിയെ രാമനാട്ടുകര അഴിഞ്ഞിലത്തെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാപകമായി തട്ടിപ്പു നടത്തുന്നതിനായി പ്രതി ഓരോ പഞ്ചായത്തിലും സ്ത്രീകളുടെ നേതൃത്വത്തിൽ 50പേരടങ്ങുന്ന ഗാർമെന്റ് സൊസൈറ്റിയുണ്ടാക്കുമെന്നും ഇതിലൂടെ എല്ലാവർക്കും ജോലിലഭിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നതായി പരാതിക്കാരായ സ്ത്രീകൾ പറഞ്ഞു.
സ്ത്രീകൾ വിശ്വസിപ്പിക്കാനായി ആദ്യഘട്ടമെന്ന് പറഞ്ഞ് പ്രതി തന്നെ മേൽപറഞ്ഞ ആറായിരം രൂപക്ക് പന്ത്രണ്ടായിരം രൂപയുടെ തയ്യൽ മെഷീൻ എത്തിച്ചു നൽകുകയും ചെയ്തു. ഇതോടെ പകുതി വിലക്കു തയ്യൽ മെഷീൻ ലഭിക്കുന്നത് കണ്ട സ്ത്രീകൾ ഒന്നടങ്കം പ്രതിക്ക് പണം കൈമാറുകയായിരുന്നു. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയുടെ യാതൊരു വിവരം ലഭിച്ചില്ല. ലഭ്യമായ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെയാണ് സ്ത്രീകൾക്ക് തട്ടിപ്പാണെന്ന് ബോധ്യമായത്. മലപ്പുറം ജില്ലയിലെ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂർ, താനാളൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സ്ത്രീകൾ തട്ടിപ്പിനിരയായതായി പൊലീസ് പഞ്ഞു.
സമാനമായ രീതിയിൽ പ്രതി കോഴക്കോട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലും സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.