വ്യാജ രേഖകൾ ബാങ്കിൽ ഹാജരാക്കി പണം തട്ടി; മാലം സുരേഷിനേയും കാനറാ ബാങ്ക് ചീഫ് മാനേജരേയും മൂന്നുവർഷം കഠിനതടവിനും 5.87 കോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് തിരുവനന്തപുരം സിബിഐ കോടതി
സ്വന്തം ലേഖകൻ
കോട്ടയം:വ്യാജ രേഖകൾ ബാങ്കിൽ ഹാജരാക്കി പണം തട്ടി. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ വായ്പയെടുത്ത് ബാങ്കിന് അഞ്ചുകോടി രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ ഗുണ്ടാ നേതാവ് മാലം സുരേഷിനും കനറാ ബാങ്ക് കോട്ടയം ബ്രാഞ്ച് മുൻ ചീഫ് മാനേജരുമുള്‍പ്പെടെ നാല് പ്രതികള്‍ക്ക് മൂന്നുവർഷം കഠിനതടവിനും 5.87 കോടി രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് തിരുവനന്തപുരം സിബിഐ കോടതി.
കോട്ടയം മാലം വാവാത്തില്‍ കെ.വി.സുരേഷ്, ബാങ്ക് മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ബോബി ജേക്കബ്, ടിനു ബോബി എന്നിവരാണ് പ്രതികള്‍. ഏലം, കുരുമുളക് തുടങ്ങിയവയുടെ വ്യാപാര ആവശ്യങ്ങള്‍ക്കുള്ള വായ്പ എന്ന തരത്തില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ബാങ്കില്‍നിന്ന് പണം തട്ടുകയായിരുന്നു.അഴിമതിക്ക് ബാങ്ക് മാനേജർ കൂട്ടുനിന്നെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. 2007 മുതല്‍ 2006 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലേഡ് പലിശക്കാരനായ പ്രതി മാലം സുരേഷ് പണം പലിശയ്ക്ക് വാങ്ങാനെത്തുന്നവരില്‍നിന്ന് അവരുടെ പേരിലുള്ള ഭൂമി ഈടായി എഴുതിവാങ്ങും. മറ്റ് പ്രതികളായ ബോബി, ടീനു എന്നിവരുടെ പേരിലാണ് ഭൂമി തീറെഴുതി വാങ്ങുന്നത്.പണം മടക്കി നല്കുമ്ബോള് തിരിച്ചെഴുതി നല്‍കാമെന്ന വാക്കിൻമേലാണ് ഭൂമി എഴുതിവാങ്ങുന്നത്.
ഈ വസ്തു ഈടായി നല്കി ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. പണം മടക്കി നല്‍കിയശേഷവും ഉടമകള്‍ക്ക് ഭൂമി തിരിച്ചെഴുതി നല്‍കാത്തതിനെ തുടർന്ന് ഇവർ പരാതി നല്‍കുകയായിരുന്നു. ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. തുടർന്ന് സി.ബി.ഐ. കേസെടുത്ത് അന്വേഷണം നടത്തി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പരാതിക്കാരായ കോട്ടയം സ്വദേശി ഉണ്ണിമായക്കുട്ടിക്ക് അഞ്ചുകോടിയും ഗിരിജയ്ക്ക് 40 ലക്ഷവും അനില്‍ രാജിന് 25 ലക്ഷവും ശിവരാജൻ ഉണ്ണിത്താന് അഞ്ചുലക്ഷവും പിഴത്തുകയില്‍നിന്ന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.പണം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ വസ്തുക്കള്‍ ജപ്തി ചെയ്ത് പണം ഈടാക്കാനും ഉത്തരവുണ്ട്. ബാങ്ക് മുൻ മാനേജർ എം.പി.ഗോപിനാഥൻ നായർ കേസില്‍ രണ്ടാം പ്രതിയാണെങ്കിലും ഇയാളെ കോടതി വെറുതേവിട്ടു.