
തിരുവനന്തപുരം: പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത്, പണം തട്ടാൻ പുതിയ രൂപത്തിലും ഭാവത്തിലും തന്ത്രം മെനയുകയാണ് തട്ടിപ്പ് സംഘങ്ങൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. 10 പൈസ, 25 പൈസ നാണയ തുട്ടുകൾക്ക് വലിയ വില ലഭിക്കുമെന്ന തരത്തിലാണ് തട്ടിപ്പ് സംഘം സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നത്.
ഇതിൽ താല്പര്യം തോന്നി സമീപിച്ചാൽ കൈവശമുള്ള നാണയങ്ങളുടെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും അതിനായി വാട്ട്സാപ്പ് നമ്പർ നൽകുകയും ചെയ്യും. ഫോട്ടോ അയച്ചുകൊടുക്കുമ്പോൾ ഒരു ലക്ഷം മുതൽ ഒരു കോടി വരെ വിലകിട്ടുമെന്ന് മറുപടി ലഭിക്കും. പിന്നീടാണ് പല പേരുകളിൽ പണം ആവശ്യപ്പെടുക. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ ‘പുതിയ മാനദണ്ഡങ്ങളുടെ’ അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്നാണ് അടുത്ത വാഗ്ദാനം.
ഇത്തരത്തിൽ 10 പൈസയുടെ 20 നാണയത്തുട്ടുകൾ കൈവശമുണ്ടെന്ന് പറഞ്ഞ ആറ്റിങ്ങൽ സ്വദേശിക്ക് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത് 90 ലക്ഷമാണ്. ഇത് സമ്മതിച്ച ഇയാളോട് ഫോട്ടോയും ആധാർ വിവരങ്ങളും രജിസ്ട്രേഷന് 750രൂപയും ആവശ്യപ്പെട്ടു. ഗൂഗിൾപേ വഴി രജിസ്ട്രേഷൻ തുക അടച്ചതിന് പിന്നാലെ തുകയുടെ വിവരങ്ങളും ഡെലിവറി ഡേറ്റും അടങ്ങുന്ന ആവശ്യക്കാരന്റെ ഫോട്ടോ പതിച്ച റിസർവ് ബാങ്കിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അയച്ചുനൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷം, പണം രണ്ടു ദിവസത്തിനകം അക്കൗണ്ടിലെത്തുമെന്നും കമ്പനിയുടെ പ്രതിനിധികൾ വീട്ടിലെത്തി കോയിനുകൾ ശേഖരിക്കുമെന്നും മറുപടിയും വന്നു. എന്നാൽ പിന്നീട് ജി.എസ്.ടി ഇനത്തിൽ 8199രൂപ ആവശ്യപ്പെട്ടതോടെ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് ആറ്റിങ്ങൽ സ്വദേശിക്ക് മനസിലായി. ശേഷം ഇവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല എന്നാണ് വിവരം.
ഇന്ത്യാകോയിൻ1, കറൻസി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ് കോയിൻസ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓൾഡ് കോയിൻ തുടങ്ങിയ ധാരാളം നാണയ വില്പന അക്കൗണ്ടുകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാപകമാണ്. ഇതുവഴി ദിവസവും തട്ടിപ്പ് സംഘങ്ങൾ പണം തട്ടുന്നുമുണ്ട്.



