ബിഷപ്പ് ഫ്രാങ്കോയ്ക്കും ഡെങ്കിപ്പനി പിടിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
ജലന്ധർ: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ. കുറച്ചുദിവസമായി അദ്ദേഹം ചികിത്സയിലാണെന്നാണ് ജലന്ധറിൽ നിന്നുള്ള വിവരം. ഒരു സർദാർജിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞ നിലയിലാണ്. കൗണ്ട് 20,000 ന് അടുത്താണെന്നും പറയുന്നു. സന്ദർശകരെ ആരേയും അനുവദിക്കുന്നില്ല. കൗണ്ട് ഉയരുന്നതിനുള്ള ചികിത്സ നൽകുകയാണ്. ചില വൈദികരും ഇവിടെ ചികിത്സയിലുണ്ട്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ അപകടനില തരണം ചെയ്തുവെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നും റിപ്പോർട്ടുണ്ട്. ജലന്ധർ രൂപതയ്ക്കുള്ളിൽ പല ക്രൈസ്തവ സന്യാസ സഭകൾക്കും ആശുപത്രികൾ ഉണ്ടെങ്കിലും ബിഷപ്പ് ഫ്രാങ്കോയും അടുപ്പക്കാരും ജലന്ധർ ജ്യോതിനഗറിലുള്ള ഈ സ്വകാര്യ വ്യക്തിയുടെ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.