play-sharp-fill
കേരളാ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കും, 19 ന് ഹാജരാകും: ഫ്രാങ്കോ മുളയ്ക്കൽ

കേരളാ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കും, 19 ന് ഹാജരാകും: ഫ്രാങ്കോ മുളയ്ക്കൽ

സ്വന്തം ലേഖകൻ

ജലന്തർ : കേരളാ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. പൊലീസിന്റെ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും. ഇതിനായി പത്തൊൻപതാം തീയതിക്ക് മുൻപായി കേരളത്തിലെത്തുമെന്നും ബിഷപ്പ് അറിയിച്ചു. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കന്യാസ്ത്രീ നൽകിയ പീഡനപരാതിയിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതിക്കു സമീപം നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. ജലന്തർ ബിഷപ്പിനെതിരായ പീഡനക്കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നത്. സാക്ഷികളുടെ മൊഴിയിലടക്കം വൈരുധ്യങ്ങളുള്ളതാണ് അറസ്റ്റ് വൈകാൻ കാരണമെന്നാണ് പൊലീസിന്റെ വാദം. ശാസ്ത്രീയ തെളിവുകളുടെ അഭാവവും പൊലീസിന് തിരിച്ചടിയാവുകയാണ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമേ അറസ്റ്റിൽ തീരുമാനമെടുക്കൂ. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം പ്രഹസനമാണെന്നും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് ഹർജിയിലെ വാദം.