
സ്വന്തം ലേഖകൻ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ പറയുന്നു. വിധിക്കെതിരെ പ്രോസിക്യൂഷനും അപ്പീല്‍ നല്‍കും. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി.
നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട് എന്നതടക്കം 20-ലേറെ കാരണങ്ങളാണ് എ ജി നിയപോദേശം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ കുറ്റത്തില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്.