play-sharp-fill
തെളിവുകളെല്ലാം എതിര്: അധികാരവും സ്വാധീനവും തുണച്ചില്ല: അറസ്റ്റ് അല്ലാതെ മറ്റ് പോംവഴിയില്ലാതെ പോലീസ്;നീതി ലഭിച്ചെന്ന് സിസ്റ്റർ അനുപമ

തെളിവുകളെല്ലാം എതിര്: അധികാരവും സ്വാധീനവും തുണച്ചില്ല: അറസ്റ്റ് അല്ലാതെ മറ്റ് പോംവഴിയില്ലാതെ പോലീസ്;നീതി ലഭിച്ചെന്ന് സിസ്റ്റർ അനുപമ

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസിൽ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായി. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളുടെ വിജയം കൂടിയാണ് ബിഷപ്പിന്റെ അറസ്റ്റ്.

ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രാങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദർശക റജിസ്റ്റർ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തിൽ ബിഷപ്പ് എത്തിയ തീയതികൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നമ്പർ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിർണായക മൊഴികൾ പൊലീസ് നിരത്തി. പോലീസ് ചോദിച്ച ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരം പറയാതിരിക്കുകയോ, അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയോ ആയിരുന്നു ബിഷപ്പ്. ഭൂരിഭാഗം ചോദ്യങ്ങളിലും വിശദീകരണം പരാജയപ്പെട്ടതോടെ അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി.വൈ.എസ്.പി സുഭാഷ് ബിഷപ്പിനെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ വൈക്കം കോടതിയിൽ ബിഷപ്പിനെ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group