ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസ് ; സമരം ചെയ്ത കന്യസ്ത്രീകൾക്കെതിരെ ജലന്ധർ രൂപത
സ്വന്തം ലേഖിക
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന കന്യാസ്ത്രീമാരുടെ ആരോപണത്തിനെതിരെ ജലന്ധർ രൂപത. കോടതിയിൽ ഹാജരാക്കപ്പെട്ട രേഖയിൽ വൈരുദ്ധ്യം വന്നത് ബിഷപ്പിനെ സഹായിക്കാനാണെന്ന കന്യാസ്ത്രീമാരുടെ ആരോപണം കപട നാടകമാണെന്നും പൊതു സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രം ജനങ്ങൾ തിരിച്ചറിയുമെന്നും ജലന്ധർ രൂപത ആരോപിച്ചു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അത്തരത്തിലുള്ള മെസേജുകൾ തങ്ങൾക്ക് ലഭിക്കുന്നതായും സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം നൽകുന്നത് നീട്ടിക്കൊണ്ടുപോയതുമെല്ലാം ഇതിന്റെ ഭാഗമായാണ് എന്നും സിസിറ്റർ അനുപമ ആരോപിച്ചതിനു പിന്നാലെയാണ് ജലന്ധർ രൂപത കന്യാ സ്ത്രീകൾക്കെതിരെ രംഗത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനപരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ കുറവിലങ്ങാട് മഠത്തിൽ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 മെയ് അഞ്ചിന് ചാലക്കുടിയിൽ നടന്ന അച്ചൻ പട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ചടങ്ങിന് ശേഷമാണ് മഠത്തിൽ ആദ്യമായി താമസിക്കുവാൻ എത്തിയത്. അടുത്ത ദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യ കുർബാന ചടങ്ങിലും ബിഷപ്പ് പങ്കെടുത്തിരുന്നു. ഈ ദിവസങ്ങളിൽ മഠത്തിലെ 20 ാം നമ്പർ മുറിയായ ഗസ്റ്റ് റൂമിൽ വച്ചാണ് പീഡിപ്പിച്ചത്.