
കോട്ടയം: കഴിഞ്ഞ 25 വർഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും ആശ്വാസം പകരാനും മുഴുവന്‍ സമയവും നൽകിയ ഫാ. അലോഷ്യസ് പുതിയപറമ്പില്‍ സിഎംഐ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.
മാന്നാനം കെഇ കോളജിലെ അധ്യാപകനും വാര്‍ഡനും പിന്നീടു മൂലമറ്റം കോളജില്‍ പ്രിന്‍സിപ്പലുമായി ജോലി ചെയ്തു വിരമിച്ചശേഷം അലോഷ്യസച്ചന് 1999ലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്നത്. മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള സെന്റ് ലൂക്ക് ചാപ്പലായിരുന്നു പ്രവര്‍ത്തന കേന്ദ്രം.
2020ല്‍ രോഗാതുരനായി വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതു വരെ ഏതാണ്ട് മുഴുവന്‍ സമയവും മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കു സാന്ത്വനവും ശുശ്രൂഷയുമായി അലോക്ഷ്യസച്ചന് കര്‍മനിരതനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആശുപത്രിയിലെത്തുന്ന അച്ചന് രോഗികള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ചു വിശുദ്ധ കുര്‍ബാനയും നല്‍കിയിരുന്നു. വൈകുന്നേരം വരെ വാര്‍ഡുകളും റൂമുകളും ഓപ്പറേഷന് തിയറ്ററുകളും ഒക്കെ കയറിയിറങ്ങി രോഗികളെ കണ്ട് അവര്‍ക്ക് സാന്ത്വനം പകരുമായിരുന്നു. രാത്രി വൈകിയായിരുന്നു ചാപ്പലിലേക്കു മടങ്ങിയിരുന്നത്.
രണ്ടു കോളജുകളിലുമായി പ്രഫസര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 21 വര്‍ഷമാണ് സേവനം ചെയ്തത്. മാന്നാനം കെഇ കോളജിന്റെ ഹോസ്റ്റലില്‍ രണ്ടു വര്‍ഷം അസിസ്റ്റന്റ് വാര്‍ഡനായും രണ്ടു വര്‍ഷം വാര്‍ഡനായും ജോലി ചെയ്തു. ഇക്കാലയളവില്‍ കോളജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥി സമൂഹവുമായി വലിയ വ്യക്തി ബന്ധവും ഫാ. അലോഷ്യസ് സൂക്ഷിച്ചിരുന്നു.
മാന്നാനം കോളജില്‍ പഠിപ്പിക്കാന്‍ എത്തിയ കാലം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ലാസു കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലായിരുന്നു ആശുപത്രിയില്‍ സന്ദര്‍ശിച്ചു രോഗികള്‍ക്കായി പ്രാര്‍ഥിച്ചിരുന്നത്. ഇക്കാലയളവില്‍ അദ്ദേഹം രക്തംദാനം ചെയ്യാനും രോഗികള്‍ക്ക് രക്തദായകരെ എത്തിക്കുവാനും മുന്‍പന്തിയിലായിരുന്നു.
സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, കപ്പാട് നൊവിഷ്യേറ്റ് ഹൗസിലെ നൊവിസ്മാസ്റ്റര്, പാലാ സെന്റ് വിന്‍സെന്റ് മോണാസ്ട്രി പ്രിയോര്‍, കോട്ടയം മെഡിക്കല്‍ കോളജ് സെന്റ് ലൂക്ക് ചാപ്പലിലെ ചാപ്ലയിന്‍ എന്നി നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.



