മലയാളികള്‍ക്കും കോളടിച്ചു: പുതിയ നാല് വന്ദേഭാരതുകള്‍ വരുന്നു; ടിക്കറ്റ് നിരക്ക്, സമയം എന്നിവ അറിയാം

Spread the love

ന്യൂഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ചരിത്രത്തിലെ നിർണായക മുന്നേറ്റമാണ് വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറില്‍ 180 കിലോമീറ്റർ വേഗതയില്‍ (പ്രവർത്തനപരമായി 130-160 കിലോമീറ്റർ) സഞ്ചരിക്കാൻ ഈ ട്രെയിനിന് കഴിയും എന്നത് തന്നെയാണ് വന്ദേഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത. വേഗത കൂടാതെ ലോകോത്തര നിലവാരമുള്ള നിരവധി സൗകര്യങ്ങളും വന്ദേ ഭാരത് യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്.

പൂർണ്ണമായും ശീതീകരിച്ച കോച്ചുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, ഓണ്‍ബോർഡ് വൈഫൈ, ജിപിഎസ് അധിഷ്ഠിത വിവര സംവിധാനങ്ങള്‍, മോഡുലാർ ഇന്റീരിയറുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. കൂടാതെ, കവച് ആന്റി-കൊളീഷൻ സിസ്റ്റം പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 160 വന്ദേഭാരതുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. ഉടൻ തന്നെ പുതിയ നാല് വന്ദേഭാരത് സർവ്വീസുകള്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതോടെ രാജ്യത്തെ മൊത്തം വന്ദേ ഭാരത് സർവീസുകളുടെ എണ്ണം 164 ആയി ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി അനുവദിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ കർണാടക, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.

പുതിയ സർവ്വീസുകളെ കുറിച്ച്‌ വിശദമായി അറിയാം

കെഎസ്‌ആർ ബെംഗളൂരു-എറണാകുളം

ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളില്‍ താണ്ടുന്ന ഈ ട്രെയിൻ, നവംബർ പകുതിയോടെ സർവീസ് തുടങ്ങും.കെ.എസ്.ആർ. ബെംഗളൂരുവില്‍ നിന്ന് രാവിലെ 5:10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ഓടെ എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ (ട്രെയിൻ നമ്ബർ: 26652) ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00-ന് ബെംഗളൂരുവില്‍ തിരിച്ചെത്തും.കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയില്‍ ആറ് ദിവസവും ഈ വന്ദേ ഭാരത് സർവീസ് നടത്തും.കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് സർവീസാണിത്. ചെയർ കാർ ടിക്കറ്റിന് ഏകദേശം 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് ഏകദേശം 2945 രൂപയുമാണ് നിരക്ക്. ഭക്ഷണമുള്‍പ്പെടെയാണ് ഈ ടിക്കറ്റ് നിരക്കുകള്‍.

ഫിറോസ്പൂർ കാന്റ്-ഡല്‍ഹി

ഏകദേശം 486 കിലോമീറ്റർ ദൂരം 6 മണിക്കൂർ 40 മിനിറ്റിനുള്ളില്‍ പിന്നിടും.ബുധനാഴ്ചകളൊഴികെ എല്ലാ ദിവസവും രാവിലെ 7:55-ന് ഫിറോസ്പൂർ കൻ്റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:35-ഓടെ ന്യൂഡല്‍ഹിയിലെത്തും. മടക്കയാത്രയില്‍ (26461) വൈകുന്നേരം 4:00-ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച്‌ രാത്രി 10:35-ന് ഫിറോസ്പൂർ കൻ്റില്‍ തിരിച്ചെത്തും.ഫരീദ്‌കോട്ട്, ബതിൻഡ, ധൂരി, പട്യാല, അംബാല കൻ്റ്, കുരുക്ഷേത്ര, പാനിപ്പത്ത് എന്നിവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റോപ്പുകള്‍. ചെയർ കാറിന് ഏകദേശം 1,200-1,500 രൂപയും, എക്സിക്യൂട്ടീവ് ചെയർ കാറിന് (ഭക്ഷണം ഉള്‍പ്പെടെ) ഏകദേശം 2,200-2,500 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.

വാരണാസി-ഖജുരാഹോ

ഏകദേശം 443 കിലോമീറ്റർ ദൂരം 7 മണിക്കൂർ 40 മിനിറ്റിനുള്ളില്‍ പിന്നിടം. രാവിലെ 5:25-ന് വാരണാസിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:10-ഓടെ ഖജുരാഹോയില്‍ എത്തും.മടക്കയാത്രയില്‍ (ട്രെയിൻ നമ്ബർ 26421) ഉച്ചയ്ക്ക് 2:00-ന് ഖജുരാഹോയില്‍ നിന്ന് ആരംഭിച്ച്‌ രാത്രി 9:40-ന് വാരണാസിയില്‍ എത്തിച്ചേരും. വിന്ധ്യാചല്‍, പ്രയാഗ്രാജ് ഛേയോക്കി, ചിത്രകൂട്ട് ധാം, ബന്ദ, മഹോബ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ ട്രെയിൻ യുനെസ്കോ പൈതൃക കേന്ദ്രങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തും. ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,500-1,800 രൂപയും, എക്സിക്യൂട്ടീവ് ചെയർ (ഭക്ഷണം ഉള്‍പ്പെടെ) ടിക്കറ്റിന് ഏകദേശം 2,800-3,200 രൂപയുമാണ് നിരക്ക്.

ലഖ്‌നൗ-സഹാറൻപൂർ

ഏകദേശം 520 കിലോമീറ്റർ ദൂരം 7-8 മണിക്കൂർ കൊണ്ട് പിന്നിടുന്ന ഈ ട്രെയിൻ, ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നു. ലഖ്‌നൗവില്‍ നിന്ന് രാവിലെ 6:00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30-ഓടെ സഹാറൻപൂരിലെത്തും.തിരികെ, സഹാറൻപൂരില്‍ നിന്ന് വൈകുന്നേരം 3:00-ന് പുറപ്പെടുന്ന ട്രെയിൻ (നമ്ബർ 26503) രാത്രി 10:30-ഓടെ ലഖ്‌നൗവില്‍ തിരിച്ചെത്തും. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഈ സർവീസ് ലഭ്യമാണ്.ഉന്നാവോ, കാണ്‍പൂർ സെൻട്രല്‍, ഇറ്റാവ, തുണ്ട്‌ല, അലിഗഡ്, ഖുർജ, ബുലന്ദ്‌ഷഹർ, ഗാസിയാബാദ് എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. ചെയർ കാറിന് ഏകദേശം 1,200-1,500 രൂപയും, ഭക്ഷണമുള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് ചെയർ കാറിന് ഏകദേശം 2,200-2,500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.