play-sharp-fill
നാലു മാസത്തിനിടെ പ്രണയത്തീയിൽ കത്തി തീർന്നത് മൂന്നു യുവതികൾ: ആക്രമണത്തിന് ഇരയായത് അഞ്ചിലേറെ പെൺകുട്ടികൾ; കേരളം പ്രണയ ഭീകരരുടെ കേന്ദ്രമാകുന്നു

നാലു മാസത്തിനിടെ പ്രണയത്തീയിൽ കത്തി തീർന്നത് മൂന്നു യുവതികൾ: ആക്രമണത്തിന് ഇരയായത് അഞ്ചിലേറെ പെൺകുട്ടികൾ; കേരളം പ്രണയ ഭീകരരുടെ കേന്ദ്രമാകുന്നു

തേർഡ് ഐ ബ്യൂറോ

കൊച്ചി: നാലു മാസത്തിനിടെ പ്രണയത്തീയിൽ കത്തി തീർന്നത് മൂന്നു യുവതികളാണ്. കേരളം പ്രണയ ഭ്രാന്തന്മാരുടെ തീയിൽ കത്തിയമർന്നിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പ്രണയത്തിൽ ജീവിതം നഷ്ടമായത് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ്. വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും പെൺകുട്ടികളെ കൊലപ്പെടുത്തിയ സംഭവങ്ങൾ വർധിച്ചതോടെ കേരളം ആശങ്കയുടെ മുൾ മുനയിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ ഏറ്റവും വലിയ ആശങ്കയിലാണ്. കേരളം എങ്ങനെ പോയാൽ എങ്ങിനെയാകും എന്നാണ് ആശങ്ക.
മാർച്ച് 13 ന് തിരുവല്ലയിലായിരുന്നു ആദ്യ അക്രമ സംഭവമുണ്ടായത്. പ്രണയത്തിൽ നിന്നു പിന്മാറിയ പെൺകുട്ടിയെ തിരുവല്ലയിൽ നഗരമധ്യത്തിലിട്ട് കാമുകൻ, കുത്തി വീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെയാണ് തിരുവല്ല സ്വദേശിയായ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. അതി ക്രൂരമായ കൊലപാതകം കണ്ടു നിന്നവരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഏപ്രിൽ നാലിനായിരുന്നു രണ്ടാമത്തെ സംഭവം. തൃശൂരിൽ വിദ്യാർത്ഥിനികളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ കൊല്ലം സ്വദേശിയായ നഴ്‌സിനെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ചത് ആംബുലൻസ് ഡ്രൈവറായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ നടുറോഡിൽ വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പ്രതി.
കേരളത്തിൽ പലപ്പോഴും പെൺകുട്ടികൾ നൽകുന്ന പരാതികൾക്ക് പൊലീസ് കാര്യമായ പിൻതുണ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന അനിഷ്ട സംഭവങ്ങൾ.
നാലുവർഷം മുമ്പാണ് സൗമ്യ തൃശ്ശൂർ, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവിൽദാറാണ്. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായി ജോലിചെയ്തിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടർന്നിരിക്കാമെന്നാണ് ഇപ്പോൾ സഹപ്രവർത്തകർ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തിൽ കലാശിച്ചതെന്നുവേണം കരുതാൻ.

ഒരു പോലീസ് ഉദ്യോഗസ്ഥൻ സൗമ്യയെ നിരന്തരം ഫോൺ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി സംഭവമറിഞ്ഞ് വീട്ടിലെത്തിയവരോട് ബന്ധുക്കൾ പറഞ്ഞു. ഇത് പ്രതിയാകാമെന്ന് സംശയിക്കുന്നു. എങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് സൗമ്യയ്ക്ക് വള്ളികുന്നം സ്റ്റേഷനിൽ നിയമനംകിട്ടുന്നത്. അജാസ് പിന്നീട് ആലുവയിലേക്കും. തുടർന്ന് ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകർക്ക് അറിവില്ല.

ഏൽപ്പിക്കുന്ന ജോലികളെല്ലാം ആത്മാർഥതയോടെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യയെന്നാണ് മേലുദ്യോഗസ്ഥരെല്ലാം പറയുന്നത്. ആർക്കും ഇവരെപ്പറ്റി പരാതിയില്ല. സ്റ്റേഷനിൽ പരാതികളുമായെത്തുന്നവരോടെല്ലാം നല്ലരീതിയിൽ ഇടപെടുന്ന ഉദ്യോഗസ്ഥകൂടിയായിരുന്നു. പിന്നെ, എന്താണ് സംഭവിച്ചതെന്ന് ആർക്കും നിശ്ചയമില്ല.

സൗമ്യയുടെയും അജാസിന്റെയും മൊബൈൽഫോണുകൾ പോലീസ് പരിശോധിക്കും. സംഭവത്തിലെ ദുരൂഹതനീക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അക്കാദമിയിൽ സൗമ്യയ്ക്കൊപ്പം പരിശീലനം നേടിയവരിൽനിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.

കൊലപാതകത്തിൽ കലാശിക്കത്തക്ക വിധത്തിലെ തർക്കം ഇവർ തമ്മിലുണ്ടായിരിന്നിരിക്കാം എന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സംശയമില്ല. സൗമ്യയുടെ മരണംതന്നെയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.

സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയതിനു പിന്നാലെ ക്രൂരമായി വെട്ടിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച് മരണം ഉറപ്പാക്കുകകൂടി ചെയ്തു. ഇതിനാലാണ് തീരുമാനിച്ചുറപ്പിച്ച കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.

അജാസ് കൊലപാതകം നടത്തിയത് ഞെട്ടലോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. വിവാഹംകഴിക്കാൻ നിർബന്ധിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.