ദുരന്തഭൂമിയായ ചൂരൽ മല വില്ലേജ് റോഡിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി ; ഇന്ന് ഇതുവരെ കണ്ടെടുത്തത് നാല് പേരുടെ മൃതദേഹങ്ങൾ
വയനാട് : ദുരന്തഭൂമിയില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നത്തെ തെരച്ചിലില്‍ ആകെ ലഭിച്ചത് നാല് മൃതദേഹങ്ങളാണ്.
വെള്ളാർമല സ്കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയില്‍ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി ഉയർന്നു.
മലപ്പുറത്ത് ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റൻ കല്ലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സംഘമടക്കമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൂരല്‍മല വെള്ളാർമല സ്കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 10 മണിയോടെയാണ് മേപ്പാടിയില്‍ തിരിച്ചില്‍ സംഘം ഒരു മൃതദേഹം കണ്ടെടുത്തത്. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 295 ആയി ഉയർന്നു. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group