
സ്വന്തം ലേഖകൻ
തലശ്ശേരി: ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ പൊന്ന്യം കുണ്ടുചിറ കുനിയില്‍ സി.ഷാജിയെ (49) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ടെമ്പിള്‍ഗേറ്റ് കുനിയില്‍ ഹൗസില്‍ കെ.ശരത്ത് (32), നങ്ങാറത്ത് പീടിക ശിവദം ഹൗസില്‍ ടി.കെ.വികാസ് (43), ടെമ്പിള്‍ഗേറ്റ് ജനീഷ് നിവാസില്‍ ടി.ജനീഷ് (31), പതിയില്‍ ഹൗസില്‍ വി.എം.അഭിജിത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബിജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ ഷാജിയെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഷാജിയെ കോമത്ത്പാറയില്‍നിന്നാണ് പിടിച്ചുകൊണ്ടുപോയത്. മൈസൂരുവിലെത്തിച്ച് മര്‍ദിച്ചതായാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഷാജിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കിളിയന്തറ ചെക്പോസ്റ്റില്‍നിന്നാണ് ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയത്. ഇടപാടുകാര്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞദിവസം യുവതിയെ പോലീസ് വിളിപ്പിച്ചിരുന്നു.
സാമ്പത്തിക ഇടപാടില്‍ യുവതി പലര്‍ക്കായി നല്‍കാനുള്ളത് കോടിയോളം രൂപ. 10 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ട്. തുക ലഭിക്കാതിരുന്നതും യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതുമാണ് ഇടപാടുകാരെ പ്രകോപിപിച്ചത്. അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഷാജിക്ക് ഏഴുലക്ഷം രൂപ ഇവരില്‍നിന്ന് കിട്ടാനുണ്ടെന്ന് കേട്ടതോടെ ഷാജിയെ തട്ടിക്കൊണ്ടുപോയവര്‍ അമ്പരന്നു. ഷാജിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റതിന്റെ പാടുണ്ട്.