
54 അനാഥബാല്യങ്ങൾ ഈ അവധിക്കാലത്ത് കുടുംബങ്ങളുടെ സ്നേഹത്തണലിലേക്ക്
സ്വന്തംലേഖകൻ
കോട്ടയം : ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന 54 കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്. ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്ന് 18 ആണ്‍കുട്ടികളെയും 36 പെണ്‍കുട്ടികളെയുമാണ് 48 കുടുംബങ്ങളിലേക്ക് അയച്ചത്. സങ്കീര്‍ണ്ണ ജീവിതസാഹചര്യങ്ങളില്‍പെട്ട് സ്വന്തം വീട്ടില്‍നിന്നും മാതാപിതാക്കളില്‍ നിന്നും അകന്നു താമസിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് വീടനുഭവം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്‍റെ സനാഥ ബാല്യ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലാണ് ഈ സൗകര്യം ഒരുക്കുന്നത്.
കുട്ടികളെ കുടുംബങ്ങളെ ഏല്‍പ്പിക്കുന്നതിന് കോട്ടയം ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ചടങ്ങ് എ.എസ്.പി രീഷ്മ രമേശന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷീജ അനിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രദീപ് എം. നായര്‍ വിശിഷ്ടാതിഥിയായിരുന്നു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ ബിനോയ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി, ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി മോഹനന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ്, ഐസിഡിഎസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അബ്ദുള്‍ ബാരി, കൊടിനാട്ടുകുന്ന് പ്രത്യാശ ഭവന്‍ സൂപ്രണ്ട് സിസ്റ്റര്‍ ലിറ്റില്‍ തെരേസ് എന്നിവര്‍ സംസാരിച്ചു.