
‘ഞാൻ ആ പിശാചിനെ കൊന്നു.. എനിക്കിനീ സന്തോഷത്തോടെ കഴിയാം’; കൂട്ടുകാരിയ്ക്ക് ഭാര്യയുടെ ഫോൺകോൾ; മകനും സഹോദരങ്ങൾക്കുമായി സ്വത്ത് എഴുതിവച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന; ഓംപ്രകാശിനെ നെഞ്ചിനും വയറ്റിലും കൈകളിലുമായി കുത്തിയത് 10 തവണ; മൃതദേഹം കണ്ടെത്തിയത് മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ; കർണാടക മുൻ ഡിജിപിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലെ എച്‌എസ്ആർ ലേ ഔട്ടിൽ, കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ വീട്ടിൽ പൊലിസ് എത്തുമ്പോൾ 68 കാരൻ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുകയായിരുന്നു. ആ സമയത്ത് ഭാര്യ പല്ലവിയും മകളും സ്ഥലത്തുണ്ടായിരുന്നു. പല്ലവിയെയും മകളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
‘ഞാൻ ആ പിശാചിനെ കൊന്നു. എനിക്കിനീ സന്തോഷത്തോടെ കഴിയാം’ ഞായറാഴ്ച വൈകിട്ട് 4.30 ഓടെ കൊല്ലപ്പെട്ട ഡിജിപിയുടെ ഭാര്യ പല്ലവി തന്റെ കൂട്ടുകാരിയെ വിളിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പിന്നീട് 112ൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു.
പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത് ഡിജിപി ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മിൽ സ്വത്ത് തർക്കത്തെ ചൊല്ലി കലഹിച്ചിരുന്നു എന്നാണ്. പലവട്ടം പല്ലവി ഓംപ്രകാശിന് എതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തന്നെ വെടി വച്ചുകൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും തന്നെ ആക്രമിച്ചുവെന്നും അവർ ആരോപിച്ചിരുന്നു. തന്റെ വീടിന് പുറത്ത് തന്നെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധവും നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മകനും സഹോദരങ്ങൾക്കുമാണ് വിവിധ സ്വത്തുക്കൾ ഓംപ്രകാശ് എഴുതി വച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് ഭാര്യ വഴക്കുകൂടിയത്. ആ പകയിൽ എട്ടുമുതൽ 10 തവണ വരെയാണ് നെഞ്ചിനും വയറ്റിലും കൈകളിലുമായി ഓംപ്രകാശിനെ ക്രൂരമായി കുത്തിയത്. ചോര വാർന്ന് 10 മിനിറ്റോളം ഹാളിൽ കിടന്ന് വേദനയിൽ പുളഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ഡിജിപി-ഐജിപി ഡോ.അലോക് മോഹൻ, എഡിജിപിമാർ, സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഏകദേശം 4-4.30 ഓടെയാണ് കോൾ വന്നതെന്നും ദൂരത്തായിരുന്ന മുൻ ഡിജിപിയുടെ മകൻ വിളിച്ചാണ് പരാതി നൽകിയതെന്നും അഡി. കമ്മീഷണർ വികാസ് കുമാർ വികാസ് പറഞ്ഞു.
മൂർച്ചയേറിയ ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കിടന്നത്. പൊലീസ് എത്തുമ്പോൾ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. 68കാരനായ ഓം പ്രകാശ് ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ്.
കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2015 മുതൽ സംസ്ഥാനത്തെ ഡിജി ആൻഡ് ഐജിപിയായി സേവനമനുഷ്ഠിച്ചു. 2017 ൽ വിരമിച്ചു. 2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. പൊലീസ് മേധാവിയായി സ്ഥാനമേൽക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.