video
play-sharp-fill

ആരോഗ്യനില വഷളായി ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തില്‍

ആരോഗ്യനില വഷളായി ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കാംബ്ലി തീവ്രപരിചരണ വിഭാഗത്തില്‍

Spread the love

മുംബൈ : ആരോഗ്യനില മേശമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാംബ്ലിയും ബാല്യകാല സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ സചിൻ ടെണ്ടുല്‍ക്കറും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.

അന്ന് വിഡിയോയിലും 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. അകൃതി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കാംബ്ലിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും ഒന്നും പറയാനായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. കഴിഞ്ഞമാസവും താരത്തെ മൂത്രാശയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2013ല്‍ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കാംബ്ലിക്ക് അന്ന് സചിനാണ് ചികിത്സക്കുള്ള സഹായം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റില്‍നിന്ന് കളമൊഴിഞ്ഞ കാംബ്ലിയെ, വഴിവിട്ട ജീവിതം വലിയ സാമ്ബത്തിക പ്രയാസത്തിലാക്കി. അമിത മദ്യപാനം കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങളും താരം നേരിടുന്നുണ്ട്. താരത്തിന്‍റെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏതാനും വർഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും താരം മാനസികമായി ദുര്‍ബലനാകുകയും ചെയ്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ സചിനൊപ്പം കണ്ടതിന്‍റെ നിരാശയും സങ്കടവും ആരാധകർ അന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുൻ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നല്‍കി രംഗത്തുവന്നു.

ഒരുമിച്ച്‌ കളി തുടങ്ങിയിട്ടും സചിൻ ക്രിക്കറ്റിലെ ഇതിഹാസമായി വളർന്നപ്പോള്‍, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തില്‍നിന്ന് ഓർമയിലേക്ക് പതിക്കുകയായിരുന്നു. ടെസ്റ്റില്‍ തുടർച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികള്‍ നേടിയ താരത്തെ, ഒരുവേള സചിനേക്കാള്‍ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്.