
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ചു; സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്ത് പൂർവ്വവിദ്യാർത്ഥിനി; അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിനു ചെന്നപ്പോൾ കള്ളി വെളിച്ചത്ത് ; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് പൂര്‍വ വിദ്യാര്‍ത്ഥിനി മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയതായി പരാതി. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്.
സംഭവത്തില്‍ മഹാരാജാസ് കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിനു ചെന്നപ്പോൾ, സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തിരുന്നു.
കാസർകോട് സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനി ഒരു വർഷം മുൻപ് പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളേജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ പത്തുവർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഇവർ വന്നെങ്കിലും, പാനലിൽ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനാൽ വ്യാജരേഖ കാണിക്കാതെ ഇവർ പോകുകയായിരുന്നു.