കൊട്ടും കുരവയും തുളസി മാലയുമിട്ട് കാട്ടിലെ ആദ്യ കല്ല്യാണം
സ്വന്തം ലേഖകൻ
സീതത്തോട്: കാട്ടിലെ കല്ല്യാണം ആഘോഷമാക്കി നാട്ടുകാരും ജനപ്രതിനിധികളും. ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ രാജു-ആശ, സന്തോഷ്-മീന ദമ്പതികളുടെ വിവാഹമാണ് നാട്ടിലേതു പോലുള്ള ആചാരങ്ങൾ സമന്വയിപ്പിച്ച് നടത്തിയത്.
കാട്ടിൽ ആദ്യമായി നടക്കുന്ന വിവാഹത്തിന് സാക്ഷികളാകാൻ ആദിവാസികൾക്ക് പുറമെ ജനപ്രതിനിധികളും എത്തിയിരുന്നു. കൊട്ടും കുരവയും തുളസിക്കതിർ മാലയുമായി മലദൈവങ്ങളെയും അഗ്നിയെയും സാക്ഷി നിർത്തിയായിരുന്നു വിവാഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടിൽ ദീർഘകാലമായി തുടരുന്ന വിവാഹ സങ്കൽപ്പങ്ങൾക്കു മാറ്റം വരുത്തുന്നതിനൊപ്പം കുടുംബബന്ധങ്ങളുടെ ദൃഢത ഉറപ്പു വരുത്തുന്നതിനു കൂടിയായിരുന്നു വിവാഹം സംഘടിപ്പിച്ചത്.
ശിശുവികസന പദ്ധതി ഓഫിസർ ജാസ്മിൻ വാങ്ങി നൽകിയ സ്വർണത്താലികളും എറണാകുളം നന്മ സന്നദ്ധ സംഘടന നൽകിയ വിവാഹ വസ്ത്രങ്ങളും രാവിലെ തന്നെ ബന്ധുക്കൾക്കു കൈമാറിയിരുന്നു. 11.40നും 12നും ഇടയ്ക്കായിരുന്നു താലികെട്ട്.
വിവാഹ വസ്ത്രത്തിൽ എത്തിയ നവ വധൂവരന്മാരെ മണ്ഡപത്തിനു സമീപം ആദിവാസികളും ജനപ്രതിനിധികളും കൂടി സ്വീകരിച്ചു.തുടർന്ന് ളാഹ കോളനി ഊര് മൂപ്പൻ പൊടിയൻ സ്വാമിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
താലി കെട്ടിനു ശേഷം 90 മലദൈവങ്ങളെ പ്രീതിപ്പെടുത്തിയുള്ള പ്രത്യേക പൂജ നടന്നു. ഇതിനു ശേഷം ഹോമകുണ്ഡത്തെ മൂന്ന് വട്ടം വലംവച്ച നവദമ്പതികൾ അഗ്നി ഭഗവാനെ വണങ്ങി തങ്ങളുടെ ഭാവി ജീവിതം ഐശ്വര്യ സമ്പൂർണമാക്കുന്നതിനുള്ള അനുഗ്രഹം തേടിയതോടെ ചടങ്ങൾക്കു പരിസമാപ്തിയായി.
നിയമപരമായ സാധുതയ്ക്കു വിവാഹ രജിസ്റ്ററിൽ ദമ്പതികൾ സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.
വധൂവരന്മാർ കുറച്ചു നാളുകളായി ഒന്നിച്ചാണ് താമസമെങ്കിലും ഇവർ നിയമപരമായി വിവാഹിതർ അല്ലായിരുന്നു. ഭാവിയിൽ ഇത് മൂലം സംഭവിക്കാവുന്ന ബുദ്ധിമുട്ടുകൾ ശിശുവികസന പദ്ധതി ഓഫിസർ ഇവരോടു പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് നിയമപരമായി വിവാഹം കഴിക്കാമെന്നുള്ള സന്നദ്ധത ഇവർ അറിയിച്ചത്. തുടർന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിച്ചതോടെ എല്ലാവരും വേണ്ട സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു. ദമ്പതികൾക്കു പഞ്ചായത്തിൽ നിന്ന് 75000 രൂപ വീതം നൽകും.
കുടുംബ ജീവിതത്തിൽ ഭാര്യഭർത്താക്കന്മാർക്കുള്ള ഉത്തരവാദിത്തം കാടിന്റെ മക്കളെ ബോധ്യപ്പെടുത്തുകയാണ് വിവാഹ ചടങ്ങിലൂടെ ലക്ഷ്യമിട്ടതെന്ന് ചടങ്ങിനു നേതൃത്വം നൽകിയ ശിശുവികസന പദ്ധതി ഓഫിസർ കെ.ജാസ്മിൻ പറഞ്ഞു.
ആദിവാസി ഊരുകളിൽ ചെറുപ്രായത്തിൽ തന്നെ വിവാഹങ്ങൾ സാധാരണമാണ്. കുട്ടികളെയും ഭാര്യയെയും സംരക്ഷിക്കേണ്ട ചുമതല മറന്നാണ് പല ആദിവാസി പുരുഷന്മാരുടേയും ജീവിതം. മുൻപ് ഇതിനെതിരെ ആരും പരാതി പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഈ പതിവ് മാറി.
കുടുംബം നോക്കാത്ത ആണുങ്ങൾക്കെതിരെ പരാതികൾ ഉയർന്നു. കേസുകൾ പൊലീസ് സ്റ്റേഷനുകളിലും എത്തി. നിയമപരമായ വിവാഹങ്ങൾ നടന്നാൽ ഊരിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നുള്ള വിശ്വാസത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, സുദീപ്കുമാർ, വാർഡ് അംഗം രാജൻ വെട്ടിക്കൽ, പി.എസ്.ഉത്തമൻ, സീതത്തോട് രാമചന്ദ്രൻ, ഡോ.പ്രശോദ് ഈനോസ് എന്നിവർ ആശംസ അർപ്പിച്ചു.
ഊരിലെ അങ്കണവാടിയിലാണ് കതിർമണ്ഡപം ഒരുക്കിയത്.വിവാഹത്തിന് എത്തിയ എല്ലാവർക്കും എറണാകുളം നന്മ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു.