
തിരുവനന്തപുരം : സാംസ്‌കാരികപ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ ദാസ് മുരളി(വേടന്‍)യുടെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നും മന്ത്രി വ്യക്തമാക്കി.
അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും. അതോടൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസിക്കുന്നു.
വേടന്റെ അറസ്റ്റില്‍ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഈ വിഷയം തികച്ചും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വനംമന്ത്രി എന്ന നിലയില്‍ എന്നോട് ചില മാധ്യമങ്ങള്‍ ചോദിച്ചതില്‍ നിയമവശങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എന്തോ വനം വകുപ്പും വനംമന്ത്രിയും ഈ കേസില്‍ ചെയ്യുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളും സാമുഹ്യമാധ്യമങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു. വനം വകുപ്പിനും സര്‍ക്കാരിനുമെതിരെ ഈ പ്രശ്‌നം ഏതു വിധത്തില്‍ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത.
സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി ഈ കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യമാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയത് അംഗീകരിക്കത്തക്കതല്ല. സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇപ്രകാരം അപൂര്‍വ്വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കാനിടയാക്കിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.