ളാക്കാട്ടൂർ പ്രദേശത്തെ മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് ഭാഗങ്ങളിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം ; വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കൂരോപ്പട : ളാക്കാട്ടൂർ പ്രദേശത്തെ മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് ഭാഗങ്ങളിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് പ്രദേശങ്ങളിലെ നാട്ടുകാരാണ് അജ്ഞാത ജീവിയെ കണ്ടതായി പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ റബ്ബർ ടാപ്പിംഗിന് പോയ താന്നിക്കുന്ന് സ്വദേശി അജ്ഞാത ജീവിയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

മാങ്കുന്നിലെ വളർത്ത് നായയെ ഏതോ ജീവി ആക്രമിച്ചതായും പറയുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ , പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ് , സന്ധ്യാ ജി നായർ എന്നിവർ സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്ക വനം വകുപ്പിന്റെ ഓഫീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനപ്രതിനിധികൾക്കൊപ്പം പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പരിശോധനയിൽ പുലിയല്ലെന്ന നിഗമനത്തിലാണ് എത്തിയത്. പുലിപൂച്ചയോ കുറുനരിയോ ആകാമെന്നാണ് വനം വകുപ്പുകാർ പറഞ്ഞത്. ഇതോടെ പൂർണമായി ആശങ്കയും ഭയവും മാറിയില്ലെങ്കിലും തെല്ല് ആശ്വാസം ലഭിച്ചതായി നാട്ടുകാർ പറഞ്ഞു.

നിരവധി ഏക്കർ സ്ഥലമാണ് സ്വകാര്യ വ്യക്തികളുടെ ഈ പ്രദേശത്ത് കാട് പിടിച്ച് കിടക്കുന്നത്. റെയിൽവേ പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ണൻകുന്നിന് സമീപം നിർമ്മിച്ചിരിക്കുന്ന വീടുകളും കാട് പിടിച്ച് കിടക്കുകയാണ്. ഇവ വെട്ടിത്തെളിക്കുന്ന തിനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുപന്നി, കുറുക്കൻ, നരി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.