
വനത്തിൽ നിന്ന് വെടിയൊച്ചയും, ടോർച്ചിന്റെ വെളിച്ചവും; ഇടുക്കിയിൽ വനംവകുപ്പിന്റെ പരിശോധനയിൽ രണ്ടു വേട്ടക്കാർ പിടിയിൽ; വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും , വാഹനവും പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
ഇടുക്കി: ദേശീയപാതക്ക് സമീപത്തെ വനത്തിനുള്ളില് നിന്ന് മൃഗവേട്ടക്കാർ പിടിയിൽ. ഇടുക്കി ബോഡിമെട്ടിൽ നിന്നുമാണ് രണ്ട് മൃഗവേട്ടക്കാരെ വനം വകുപ്പ് പിടികൂടിയത്. രാജാക്കാട് സ്വദേശികളായ സിൻ, ദിനേശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് നാടൻ തോക്ക് വനം വകുപ്പ് പിടികൂടി.
വനംവകുപ്പിൻ്റെ ബോഡിമെട്ട് ചെക്കുപോസ്റ്റിന് സമീപത്ത് രാത്രിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘം വനത്തിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടു. വിശദ പരിശോധനയിൽ വനത്തിനുള്ളിൽ നിന്നും വേട്ടക്കാർ ഉപയോഗിക്കുന്ന ടോർച്ചിൻ്റെ വെളിച്ചവും കണ്ടു. റോഡരികിലുള്ള വെയ്റ്റിംഗ് ഷെഡിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ട വനംവകുപ്പ് സംഘം സമീപത്തെ ഏലം സ്റ്റോറിന് സമീപം പതിയിരുന്നു. ദേവികുളം റേഞ്ച് ഓഫീസർ പി വി വെജിയുടെ നേതൃത്വത്തിലുള്ള സംഘവുമെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചയോടെ മൂന്ന് പേരടങ്ങിയ സംഘമെത്തി ഓട്ടോറിക്ഷയിൽ കയറി. സൂര്യനെല്ലി ഭാഗത്തേക്ക് ഓടിച്ചു പോയി. പുറകെയെത്തിയ വനപാലകരെ കണ്ടതോടെ അമിത വേഗത്തിൽ പോയി ഇടക്കു വച്ച് തിരികെ ബോഡിമെട്ട് ഭാഗത്തേക്ക് വന്നു. ഇവരെ വനപാലകകര്‍ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയിലുണ്ടായിരുന്നവരിൽ ഒരാൾ ഓടി രക്ഷപെട്ടു.
വാഹനത്തിൽ നിന്ന് വോട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ മൃഗത്തിൻ്റെ രോമങ്ങളും രക്തക്കറയുമുണ്ടായിരുന്നു. പിടികൂടിയ തോക്ക് ശാന്തൻപാറ പൊലീസിന് കൈമാറി. രക്ഷപെട്ടയാൾക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മാട്ടുപ്പെട്ടിയിൽ നിനും മുന്നംഗ വേട്ട സംഘത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. തോക്കും തിരകളും നാല് മാസം മുൻപ് ഇവർ വേട്ട നടത്തിയ ഭാഗത്ത് നിന്നും കാട്ടു പോത്തിൻ്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്നും വേട്ട സംഘങ്ങളെ പിടികൂടിയത്തോടെ വനം വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.