
ശബരിമല: ദർശനത്തിന് പോകുന്ന അയ്യപ്പ ഭക്തർ ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങള്‍ വർധിക്കുന്നതിനാലും സന്നിധാനം സ്പെഷ്യല്‍ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നല്‍കിയത്.
കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരില്‍ പലരും ഉരക്കുഴി തീർത്ഥത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററില്‍ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം. വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങള്‍ വരുന്നത് ഇപ്പോള്‍ സ്ഥിരമായിരിക്കുകയാണ്.എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്ബോഴേക്കും ആനകള്‍ കൂട്ടത്തോടെ, കുട്ടികള്‍ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം.വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകള്‍ വീണു കഴിഞ്ഞാല്‍ ഗുരുതരമായി പരിക്കേല്‍ക്കാൻ സാധ്യതയുണ്ട്. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


