
വയനാട്: വനത്തിനുള്ളില്‍ അനുമതിയില്ലാതെ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച ഏഴ് യൂട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു.
കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മല്‍ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേർത്താണ് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചേകാടി പാതയില്‍ ഉദയക്കര ഭാഗത്ത് വന്യജീവികള്‍ നിറഞ്ഞ റിസർവ് വനത്തിനുള്ളിലൂടെ അഞ്ച് ബൈക്കുകളിലായി എത്തിയ സംഘം അനുമതിയില്ലാതെ യാത്ര ചെയ്യുകയും റീല്‍സ് ചിത്രീകരിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രീകരിച്ച വീഡിയോ യൂട്യൂബർമാർ തങ്ങളുടെ സാമൂഹിക മാധ്യമ പേജില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കർശന നടപടി സ്വീകരിച്ചത്. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ റിസർവ് വനത്തിനുള്ളില്‍ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകള്‍ക്കും വീഡിയോ ചിത്രീകരണങ്ങള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമൻ മുന്നറിയിപ്പ് നല്‍കി.



